60 വർഷം പഴക്കമുള്ള പാലം അപകടാവസ്ഥയിൽ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിലുള്ള ഒന്നാം തഴത്തോട്ടിലെ ചെറിയ പാലം അപകടാവസ്ഥയിൽ. ആറു പതിറ്രാണ്ടു മുമ്പ് നിർമ്മിച്ച പാലത്തിന്റെ കൈവരികൾ തകർന്നുതുടങ്ങിയിട്ട് നാളേറെയായെങ്കിലും യാതൊരുവിധ പരിഹാര നടപടികളുമില്ല.
കരുനാഗപ്പള്ളി ടൗണിന്റെ ഭാഗവും ദേശീയപാത കടന്നുപോകുന്നതുമായ ലാലാജി ജംഗ്ഷന് നൂറു മീറ്ററോളം പടിഞ്ഞാറാണ്, ഒരു ബസിനു കടന്നുപോകാൻ മാത്രം വീതിയുള്ള പാലം. പാലത്തിന്റെ കോൺക്രീറ്റ് സ്ലാബിനെ താങ്ങി നിറുത്തുന്ന കരിങ്കൽ ഭിത്തികളും തകർച്ചയുടെ വക്കിലാണ്. പലേടത്തും പാറകൾ ഇളകിയിട്ടുണ്ട്. നഗരസഭ പരിധിയിൽ മൂന്ന് തഴത്തോടുകളുണ്ട്. ഇവിടൊക്കെ പാലങ്ങളുമുണ്ട്. ഇതിൽ ഏറ്റവും പഴക്കം ചെന്നത് ഒന്നാം തഴത്തോട്ടിലെ പാലമാണ്. നിർമ്മാണത്തിന് ശേഷം ഈ പാലത്തിൽ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കടലോര ഗ്രാമമായ ആലപ്പാട് ഗ്രാമപഞ്ചായത്തിനെ കരുനാഗപ്പള്ളിയുമായി ബന്ധിപ്പിക്കുന്നതും ഈ പാലമാണ്.
പാലം നിർമ്മാണ സമയത്ത് ഇതുവഴിയുള്ള ഗതാഗതം പരിമിതമായിരുന്നു. നിലവിലെ അവസ്ഥ ഇതല്ല. ഐ.ആർ.ഇ യുടെ കരിമണൽ പ്രദേശമായ പണ്ടാരത്തുരുത്ത്, വെള്ളനാതുരുത്ത് എന്നിവിടങ്ങളിൽ നിന്നു കരിമണൽ ലോറികൾ ഈ പാലംവഴിയാണ് കടന്നുപോകുന്നത്. വലിയ ഭാരം താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്നതാണ് അവസ്ഥ.
പരിഹാരം പുതിയ പാലം
പ്രശസ്തമായ കാട്ടിൽ മേക്കതിൽ ക്ഷേത്രം, മൂക്കുംപുഴ ക്ഷേത്രം, കൊച്ചോച്ചിറ മഹാദേവർ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗവും ഈ പാലമാണ്. കരുനാഗപ്പള്ളി ടൗണിൽ ഗതാഗത തടസമുണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതും ഇതുവഴിതന്നെ! പുതിയ പാലം നിർമ്മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.