photo
കൊട്ടാരക്കര- നീലേശ്വരം റോഡിൽ റെയിൽവേസ്റ്റേഷൻ ചിത്തിര വർക്ക്ഷോപ്പിന് സമീപത്തെ അപകടാവസ്ഥയിലുള്ള കലുങ്ക്

കൊട്ടാരക്കര: കൊട്ടാരക്കര- നീലേശ്വരം റോഡിലെ കലുങ്ക് അപകടാവസ്ഥയിൽ. തിരക്കേറിയ റോഡിൽ അപകടങ്ങൾ ഒഴിഞ്ഞുപോകുന്നത് തലനാരിഴയ്ക്ക്. റെയിൽവേ സ്റ്റേഷൻ കവലയിൽ നിന്ന് നീലേശ്വരം റോഡിന്റെ ആദ്യ ഭാഗത്താണ് ചിത്തിര ഓട്ടോ മൊബൈൽസിന് സമീപത്തായി കലുങ്കിന്റെ ദു:സ്ഥിതി. ഇവിടെ വളവായതിനാൽ അപകട സാദ്ധ്യതകൾ ഏറിവരികയാണ്. റോഡിന്റെ ഒരു വശത്ത് തോടും മറുവശത്തായി ഏലായുമാണ്. കലുങ്കിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തികളും കൈവരിയും തകർന്നിട്ട് നാളേറെയായി. തോട്ടിൽ കാട് മൂടുകയും ചെയ്തു. മുൻപ് ഇവിടെ ചില വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. റോഡുമായി മുൻപരിചയം ഇല്ലെങ്കിൽ അപകടമുണ്ടാകും. രാത്രികാലങ്ങളിൽ ഇവിടെ വെളിച്ചക്കുറവുമുണ്ട്. കലുങ്കിന്റെ കൽക്കെട്ടുകൾ പുനർ നിർമ്മിക്കുകയും അപകട സാദ്ധ്യതകൾ പരിഹരിക്കുകയും വേണമെന്നാണ് പൊതു ആവശ്യം. ബസ് സർവീസ് ഉൾപ്പടെയുള്ള റോഡാണിത്. നീലേശ്വരം വഴി ഇടയ്ക്കിടം, കരീപ്ര മേഖലകളിലേക്കും അമ്പലത്തുംകാല ഭാഗത്തേക്കുമൊക്കെ പോകാനുള്ള റോഡാണിത്.

അധികൃതർ തിരിഞ്ഞുനോക്കാറില്ല

കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നെടുവത്തൂർ ഭാഗങ്ങളിൽ ഗതാഗത തടസം ഉണ്ടാകുമ്പോൾ എല്ലാ വാഹനങ്ങളും വഴിതിരിച്ചുവിടുന്നതും ഇതുവഴിയാണ്. പൊതുമരാമത്ത് വകുപ്പ് റോഡായിട്ടും അധികൃതർ തിരിഞ്ഞുനോക്കാറില്ല. പെരുമഴക്കാലമെത്തിയാൽ തോട്ടിൽ വെള്ളം ഉയരും. ശേഷിക്കുന്ന കൽക്കെട്ടുകളും ഇടിഞ്ഞുതള്ളും. അപകടം വരുന്നതും കാത്തിരിക്കാതെ അടിയന്തിര അറ്റകുറ്റപ്പണികളെങ്കിലും നടത്തുവാൻ അധികൃതർ ശ്രദ്ധിക്കണം. കൊട്ടാരക്കര നഗരസഭയിൽ ഉൾപ്പെടുന്നതാണ് ഇവിടം. നഗരസഭയ്ക്ക് പെറ്റി വർക്കിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണികൾ നടത്താവുന്നതുമാണ്.

കലുങ്കിന്റെ കൈവരികൾ നിർമ്മിക്കണം

റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് നീലേശ്വരം ഭാഗത്തേക്കുള്ള റോഡിലെ കലുങ്ക് കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. അടിയന്തരമായി അധികൃതരുടെ ശ്രദ്ധയുണ്ടാകണം. പരിഹരിക്കപ്പെടണം.(അഹീഷ്.വി.ആനന്ദ്, നീലേശ്വരം)