കൊല്ലം: മുണ്ടയ്ക്കൽ കച്ചിക്കടവിൽ ഒരു വർഷത്തിനകം പാലം നിർമ്മാണം ആരംഭിക്കും. അപ്രോച്ച് റോഡിനായി ഇരുവശങ്ങളിലും 0.42 ഹെക്ടർ ഏറ്റെടുക്കാനുള്ള നടപടികൾക്കു തുടക്കമായി.

കച്ചിക്കടവിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിൽ അവസാനിക്കുന്ന മുണ്ടയ്ക്കൽ പാലത്തിൽ നിന്നു കൊല്ലം തോടിന് സമാന്തരമായുള്ള റോഡിനെയും മറുവശത്ത് കൊല്ലം ബീച്ചിന് മുന്നിലൂടെ പരവൂരിലേക്കുള്ള തീരദേശ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. പാലത്തിന്റെ അന്തിമ ഡൈസൻ തയ്യാറായിട്ടില്ല. പാലത്തിന് 45 മീറ്ററിലേറെ നീളമുണ്ടാകും. 10.5 മീറ്ററാണ് വീതി. 1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയുണ്ടാകും. പാലത്തിന്റെ നിർമ്മാണത്തിനും സ്ഥലം ഏറ്റെടുക്കലിനുമായി നേരത്തെ 7.9 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഇരട്ടിയിലേറെ തുക ചെലവാകുമെന്നുറപ്പാണ്. അധികമായി വേണ്ടിവരുന്ന തുക പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 കയറിലെ അഭ്യാസം

ഈ ഭാഗത്ത് കൊല്ലം തോട്ടിൽ കടത്ത് സർവീസുണ്ട്. എന്നാൽ സ്ഥിരമായി കടത്തുകാരനില്ല. തുഴഞ്ഞുപോകാൻ അറിയാത്തവർക്കായി തോടിന് കുറുകെ കയർ കെട്ടിയിട്ടുണ്ട്. ഈ കയറിൽ പിടിച്ചാണ് വള്ളം മറുകരയെത്തിക്കുന്നത്. രാത്രികാലങ്ങളിലും ശക്തമായ ഒഴുക്കുള്ളപ്പോഴും ഇങ്ങനെ മറുകര താണ്ടാനാവില്ല. കേവലം 25 മീറ്റർ ദൈർഘ്യമുള്ള അപ്പുറമെത്താൻ രണ്ടര കിലോ മീറ്ററിലേറെ മുണ്ടയ്ക്കൽ പാലം വഴി ചുറ്റിക്കറങ്ങണം. പുതിയ പാലം യാഥാർത്ഥ്യമായാൽ പോളയത്തോടിൽ നിന്നു ഇടറോഡുകൾ വഴി അതിവേഗം തീരദേശറോഡിലെത്താം.

...........................

 ₹ 7.9 കോടി: പാലത്തിന് അനുവദിച്ച തുക

 45 മീറ്റർ: പാലത്തിന്റെ കുറഞ്ഞ നീളം

 10.5 മീറ്റർ: വീതി