photo
പാങ്ങോട് കുഴിക്കലിടവക പബ്ളിക് ലൈബ്രറി

കൊല്ലം: ആർ.ശങ്കറിന്റെ ജന്മനാടായ പുത്തൂർ പാങ്ങോട് ഗ്രാമത്തിന്റെ അക്ഷരശ്രീയാണ് കുഴിക്കലിടവക പബ്ളിക് ലൈബ്രറി. അക്ഷരവെളിച്ചം പകർന്ന് നാടിന്റെ സാംസ്കാരിക പ്രവർത്തനങ്ങളിൽ കാര്യമായി ഇടപെടുന്ന ലൈബ്രറിയ്ക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറി ബാലവേദിയ്ക്കുള്ള പി.രവീന്ദ്രൻ സ്മാരക പുരസ്കാരമാണ് ലഭിച്ചത്. ഇരുപതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരമാണ് 75 വയസ് പിന്നിടുന്ന ഈ അക്ഷരപ്പുരയെ തേടിയെത്തിയിരിക്കുന്നത്. ജില്ലയിൽ നിന്ന് ഇത്തവണ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പുരസ്കാരം ലഭിച്ച ഏക ഗ്രന്ഥശാലയാണിത്. പുത്തൂർ-ശാസ്താംകോട്ട റോഡരികിലുള്ള പാങ്ങോട് കുഴിക്കലിടവക ലൈബ്രറിയിൽ പതിനെണ്ണായിരത്തിലധികം പുസ്തകങ്ങളും 830 അംഗങ്ങളുമുണ്ട്. താലൂക്ക് റഫറൻസ് ഗ്രന്ഥശാലകൂടിയാണ്. ബെന്യാമിന് വയലാർ പുരസ്കാരം ലഭിച്ചപ്പോൾ ആദ്യ സ്വീകരണം നൽകിയതും പാങ്ങോട് ലൈബ്രറിയാണ്. വയലാർ അവാർഡ് ജേതാക്കൾക്കെല്ലാം തൊട്ടടുത്ത ദിവസം ലൈബ്രറിയിൽ സ്വീകരണം നൽകിയിട്ടുണ്ടെന്നും അത് എക്കാലവും തുടരാനാണ് താത്പര്യമെന്നും ലൈബ്രറി പ്രസിഡന്റ് ഡി.സത്യബാബുവും സെക്രട്ടറി ജെ.കൊച്ചനുജനും പറഞ്ഞു.

ബാലവേദി സജീവം

പാങ്ങോട് ഗ്രാമത്തിലെ കുട്ടിക്കൂട്ടങ്ങളുടെ പ്രധാന കേന്ദ്രമാണ് ലൈബ്രറി. തൊട്ടടുത്തുതന്നെ മൂന്ന് വിദ്യാലയങ്ങളുണ്ട്. 2019 മധ്യവേനൽ അവധിക്കാലത്ത് 'വേനൽ കളിയും കാര്യവും' എന്ന പേരിൽ നടത്തിയ ബാലവേദി ക്യാമ്പ് ഏറെ ഹൃദ്യമായിരുന്നു. ചാന്ദ്ര സ്പർശത്തിന്റെ നൂറാം വാർഷികം, വലയ സൂര്യഗ്രഹണത്തിന്റെ ഭാഗമായി നടത്തിയ പഠന ക്ളാസുകൾ, സൂര്യഗ്രഹണ ദർശനം, ശാസ്ത്ര അറിവ് യാത്രകൾ, ബാലോത്സവം, പുസ്തക കൂട് സ്ഥാപിക്കൽ, ഓൺലൈൻ കലാസദസ്, കലാ-സാഹിത്യ മത്സരങ്ങളും മറ്റ് പ്രവർത്തനങ്ങളും എന്നിവയിലൂടെ കുട്ടിക്കൂട്ടത്തെ സജീവമാക്കിയതിനാണ് ലൈബ്രറിയ്ക്ക് പുരസ്കാരം ലഭിച്ചത്.