കരുനാഗപ്പള്ളി : ഇടവിളകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
കരുനാഗപ്പള്ളി നഗരസഭ വിത്തുകൾ വിതരണം ചെയ്തു. ഓണാട്ടുകരയുടെ തനത് കാർഷിക വിഭവങ്ങളായ ചേമ്പ്, ചേന, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളാണ് നഗരസഭാചെയർമാൻ കോട്ടയിൽ രാജു വിതരണം ചെയ്തത്.
ഏഴായിരത്തോളം ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ കുറഞ്ഞത് അഞ്ച് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള വനിതകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. നൂറ് ശതമാനം സബ്സിഡിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 40 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. വൈസ് ചെയർപേഴ്സൺ സുനിമോൾ അദ്ധ്യക്ഷയായി. കൃഷിഓഫീസർ വീണ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷൻ പടിപ്പുര ലത്തീഫ്, നഗരസഭാ കൗൺസിലർമാരായ റെജി ഫോട്ടോപാർക്ക്, സതീഷ് തേവനത്ത്, ആസൂത്രണ സമിതി അംഗം എൻ. സുരേന്ദ്രൻ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.