കുന്നിക്കോട് : കുണ്ടറ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈൻ പൊട്ടി ജലം പാഴാകുന്നു. കുന്നിക്കോട് ആശുപത്രി ജംഗ്ഷനിൽ വലിയതോടിന്റെ കുറുകേയുള്ള പാലത്തിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനാണ് പൊട്ടിയത്. വേനൽ കടുക്കുന്നതിനാൽ പലയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇങ്ങനെ കുടിവെള്ളം പഴായി പോകുന്നത്. ഹൈപ്രഷർ പമ്പിംഗ് നടത്തുന്ന പൈപ്പ്ലൈനായതിനാൽ വൻതോതിലാണ് ജലം തോട്ടിലൂടെ ഒഴുകുന്നത്. വെൽഡിംഗിലൂടെ മാത്രമേ പൈപ്പ്ലൈനിന്റെ കേടുപാടുകൾ തീർക്കാനാകൂ. അതിനു വേണ്ടി പമ്പിംഗ് നിറുത്തേണ്ടതായിട്ടുണ്ട്. രണ്ട് ദിവസത്തിനകം പൈപ്പ്ലൈനിന്റെ കേടുപാടുകൾ പരിഹരിക്കാനാകുമെന്ന് കൊട്ടാരക്കര ജലവകുപ്പ് അധികൃതർ അറിയിച്ചു.