
ഏരൂർ: പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറിക്കൂരയിൽ എട്ട് വർഷമായ, ദുരിത ജീവിതത്തിന് അറുതിയില്ലാതെ ഒരു കുടുംബം. മഴ പെയ്താൽ, തുള്ളി വെള്ളം പുറത്ത് പോകില്ല. കാറ്റൊന്ന് വീശിയിൽ മനസിൽ കൊടുങ്കാറ്റ് പായും...
ഏരൂർ മണലിൽ കനാൽ പുറമ്പോക്കിൽ ഓമനക്കുട്ടനും കുടുംബവുമാണ് ദുരിത ജീവിതത്തിന്റെ ദിനങ്ങൾ തള്ളിനീക്കുന്നത്. ഒറ്റമുറി കൂരയ്ക്ക് ചുറ്റും പലകയടിച്ചാണ് ഭിത്തി ഒരുക്കിയിരിക്കുന്നത്. ടാർപോളിൻ കൊണ്ട് മേൽക്കൂര മറച്ചു. അടിസ്ഥാന സൗകര്യങ്ങളായ കിണറോ, കക്കൂസോ ഒന്നും ഇവർക്കില്ല.
2014 ലാണ് ഓമനക്കുട്ടനും ഭാര്യ പ്രീതയും മക്കളായ കാശിനാഥനും ശിവപാർവതിയും മണലിൽ അക്വഡക്ടിന് കീഴിലെ കനാൽ പുറമ്പോക്കിൽ കൂര കെട്ടി താമസം തുടങ്ങിയത്. കുടിവെള്ളത്തിനായി തൊട്ടടുത്ത നീർച്ചാലിൽ കൈകൊണ്ട് കുത്തിയ ഒരു കുഴിയാണ് ആശ്രയം. തൈറോയ്ഡ് രോഗിയായ പ്രീതയെ മാസത്തിൽ ഒരിക്കൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചെക്കപ്പിന് കൊണ്ടുപോകണം. അതുതന്നെ ഈ കുടുംബത്തെ സംബന്ധിച്ച് ഭാരിച്ച ചെലവാണ്. പിന്നെ വീട്ടുചെലവും കുട്ടികളുടെ പഠനവും നടക്കണം. കൂലിപ്പണിക്കാരനായ ഓമനക്കുട്ടന്റെ ചെറിയ വരുമാനമാണ് ഏക ആശ്രയം.
വീടെന്ന സ്വപ്നം ബാക്കി
ഓമനക്കുട്ടന്റെയും കുടുംബത്തിന്റെയും കഷ്ടതകൾ 2020ൽ 'കേരളകൗമുദി' വാർത്തയാക്കിയിരുന്നു. കൊവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ വൈദ്യുതിയും ടി.വിയും സ്മാർട്ട് ഫോണുമില്ലാതെ കുട്ടികളുടെ പഠനം മുടങ്ങിയിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട കരവാളൂർ വൈദ്യുതി ഓഫീസിലെ ജീവനക്കാർ ചേർന്ന് ഓമനക്കുട്ടന് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി. 32 ഇഞ്ച് എൽ.ഇ.ഡി ടി.വിയും ഡി.ടി.എച്ച് കണക്ഷനും സുമനസുകൾ ഏർപ്പാടാക്കി. കഴിഞ്ഞ വർഷമാണ് റേഷൻ കാർഡ് ലഭിച്ചത്. പക്ഷെ വീടെന്ന സ്വപ്നം ഇനിയും അകലെയാണ്.
""
ഓമനക്കുട്ടന് മൂന്ന് സെന്റ് സ്ഥലവും വീടും എത്രയും വേഗം ലഭ്യമാക്കാൻ വേണ്ട നടപടികൾ പൂർത്തിയായി വരികയാണ്.
യോഹന്നാൻകുട്ടി, കരവാളൂർ
ഗ്രാമപഞ്ചായത്ത് അംഗം