
കൊല്ലം: കൊവിഡ് പ്രതിരോധത്തിനും രോഗികളുടെ ആശങ്കകൾക്ക് കൈത്താങ്ങാവാനും ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ വീണ്ടും ശലഭ കൂട്ടായ്മ പദ്ധതി നടപ്പാക്കുന്നു. 97 ശതമാനത്തിലധികം രോഗബാധിതരും ഗൃഹ നിരീക്ഷണത്തിൽ കഴിയുന്ന പശ്ചാത്തലത്തിലാണ് മാനസിക - സാമൂഹിക പിന്തുണ ഉറപ്പാക്കാൻ ശലഭങ്ങൾ 2.0 എന്നപേരിൽ പദ്ധതി നടപ്പാക്കുന്നത്. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
രോഗികളുടെ പ്രാണവായു പൂരിത നിരക്ക്, നാഡി മിടിപ്പ്, ശ്വസന നിരക്ക് എന്നിവ ശലഭം കൂട്ടായ്മ നിരീക്ഷിക്കുകയും ബോധവത്കരണം നൽകുകയും ചെയ്യും. രോഗാവസ്ഥയിൽ അപായ സൂചന കണ്ടെത്തിയാൽ ആശുപത്രിയിലേക്ക് എത്തിക്കാനും ഇവർ മുൻകൈയെടുക്കും. കൊവിഡ് മാനദണ്ഡ പാലനം, ഏകാന്തവാസം എന്നിവയുടെ പ്രാധാന്യവും രോഗപകർച്ചാ ശൃംഖല മുറിക്കുന്നതിനുള്ള മുൻകരുതലുമൊക്കെ പരമാവധി പേരിലേക്ക് എത്തിക്കുന്നതും ഇവരുടെ ചുമതലയാണ്. വ്യക്തിഗതമായ മാനസിക പിന്തുണ രോഗികൾക്ക് ലഭ്യമാക്കാനുള്ള പ്രത്യേക സംവിധാനവും ഇതോടൊപ്പമുണ്ട്.
എൻ.എസ്.എസ് വോളണ്ടിയർമാർ: 3000
പഞ്ചായത്തുതല ടീമിൽ: 30 പേർ
നഗരസഭകളിൽ: 40
കോർപ്പറേഷനിൽ: 55
""
ആദ്യഘട്ടത്തിൽ രോഗപ്രതിരോധത്തിനും രോഗീപരിചരണത്തിനും ശലഭങ്ങൾ നൽകിയ വിജയകരമായ പിന്തുണയാണ് രണ്ടാം ഘട്ടത്തിന് പ്രചോദനമായത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ നേതൃത്വം നൽകും.
ഡോ. ആർ. സന്ധ്യ
ജില്ലാ സർവൈലൻസ് ഓഫീസർ