phot
പരിക്കേറ്റ ടാപ്പിംഗ് തൊഴിലാളി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു

പുനലൂർ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മ്ലാവ് ചാടിയതിനെ തുടർന്ന് റോഡിൽ വീണ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ആര്യങ്കാവ് പഞ്ചായത്തിലെ ഫ്ലോറൻസ് കമ്പനി ക്വാട്ടേഴ്സിൽ താമസക്കാരനായ വരദരാജനാ(56)ണ് മുഖത്തും കൈക്കും കാലിനും പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ 6ന് ക്വാട്ടേഴ്സിൽ നിന്ന് തകരപ്പുരയിലെ റബർ എസ്റ്റേറ്റിലേക്ക് ബൈക്കിൽ ടാപ്പിംഗിന് പോകുന്നതിനിടെ സമീപത്തെ കട്ടിംഗിൽ നിന്ന് മ്ലാവ് ബൈക്കിന് മുകളിലേക്ക് ചാടുകയായിരുന്നു. വരദരാജനെ മറ്റ് തൊഴിലാളികൾ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിൽ കഴിയുന്ന തോട്ടം തൊഴിലാളിയെ സഹായിക്കാൻ വനം വകുപ്പും മാനേജ്മെന്റും തയ്യാറായിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.