ചിതറ: വ്യാജരേഖ ഹാജരാക്കി വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർത്ത സി.പി.എം പഞ്ചായത്ത് അംഗവും നിലവിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അമ്മൂട്ടി മോഹനനെതിരെ കോടതി നിർദ്ദേശപ്രകാരം കേസെടുത്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്താണ് കേസിനാസ്പദമായ സംഭവം. പത്തു വർഷത്തിലധികമായി ചിതറ രണ്ടാം വാർഡിലെ വോട്ടറായിരുന്ന മോഹനൻ താൻ മത്സരിച്ച മാങ്കോട് വാർഡിലേക്ക് വ്യാജ വിലാസം നൽകി സ്വന്തം വോട്ടും കുടുംബത്തിന്റെ വോട്ടും മാങ്കോട് വാർഡിലേക്ക് മാറ്റുകയായിരുന്നു. എതിർ സ്ഥാനാർത്ഥിയായിരുന്ന ബി.ജെ.പിയിലെ മനോജ് കുമാറാണ് ഇതുസംബന്ധിച്ച് ഇലക്ഷൻ കമ്മിഷനും പൊലീസിനും പരാതി നൽകിയത്. പരാതിയെത്തുടന്ന്

നവംബർ 4ന് ചിതറ സ്റ്റേഷനിൽ മോഹനനും പഞ്ചായത്ത് സെക്രട്ടറി സുനിൽ ക്ലാർക്ക് ബിനു എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും മേൽ നടപടികൾ ഉണ്ടായില്ല. തുടർന്നാണ് മനോജ് കുമാർ കോടതിയെ സമീപിച്ചത്. 7 വർഷം തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് മൂന്നുപേർക്കെതിരെയും കേസെടുത്തിരിക്കുന്നത് .വ്യാജരേഖ കേസിലകപ്പെട്ട അമ്മൂട്ടി മോഹനൻ മെമ്പർ സ്ഥാനം രാജിവക്കണമെന്ന് ബി.ജെ.പി ചിതറ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.