
 സർക്കാരിന്റെ താങ്ങുവില പ്രകാരം എടുക്കാൻ ആളില്ല
കരുനാഗപ്പള്ളി: ഇടത്തട്ടുകാരായ കേര കർഷകരുടെ തലയിൽ ഇടിത്തീയായി തേങ്ങ വില ഇടിയുന്നു. ഒരു കിലോയുടെ വില 22 രൂപയിൽ നിന്ന് 15ലേക്കാണ് താഴ്ന്നത്. ഈ വിലയ്ക്കു പോലും തേങ്ങ എടുക്കാൻ ആരുമെത്തുന്നില്ലെന്നാണ് കേരകർഷകരുടെ പരിഭവം. തമിഴ്നാട്ടിൽ നിന്നുള്ള കൊപ്ര കോഴിക്കോട്ട് സംഭരിച്ച ശേഷം കേരള വിപണിയിൽ വിറ്റഴിക്കുന്നതാണ് പതിവ്. ഇതും കേരളത്തിലെ നാളീകേര കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കർഷകരെ സഹായിക്കാനായി സർക്കാർ പ്രഖ്യാപിച്ച താങ്ങുവില നിയമത്തിലെ നൂലാമാലകൾ കുരുക്കായതും തിരിച്ചടിയായി.
ഒരു കിലോ തേങ്ങയ്ക്ക് 32 രൂപയാണ് സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. കരുനാഗപ്പള്ളിയിൽ കേരഫെഡാണ് പ്രധാന സംരംഭകർ. പ്രാഥമിക സഹകരണ സംഘങ്ങൾ തേങ്ങ സംഭരിക്കുമെന്ന് കൃഷി വകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും കരുനാഗപ്പള്ളിയിലെ ഒരു സംഘം പോലും നിലവിൽ കർഷകരിൽ നിന്നു തേങ്ങ സംഭരിക്കുന്നില്ല. കാർഷിക സർവകലാശാലയുടെ നിബന്ധനകൾക്ക് വിധേയമായിട്ടാണ് കൃഷിവകുപ്പിന്റെ സംഭരണം. സർവകലാശാല മാനദണ്ഡ പ്രകാരം 2.5 ഏക്കറിൽ 175 തെങ്ങു മാത്രമേ പാടുള്ളൂ. 10 സെന്റിൽ 7 തെങ്ങുകൾ. നല്ലവണ്ണം പരിചരിക്കുന്ന തെങ്ങിൽ നിന്നു 30 തേങ്ങ ലഭിക്കുമെന്നാണ് കണക്ക്. തേങ്ങയും തെങ്ങുകളുടെ എണ്ണവും പൊരുത്തപ്പെടുന്നില്ലെങ്കിൽ അധികം വരുന്ന തേങ്ങ ഉദ്യോഗസ്ഥർ മാറ്റി വയ്ക്കും.
കേരഫെഡിലെ സ്ഥിതിയും മറിച്ചല്ല. തേങ്ങയിട്ട ശേഷം കർഷകർ കരമടച്ച രസീതിന്റെ കോപ്പിയുമായി കൃഷി ഭവനിൽ അപേക്ഷ നൽകണം. കൃഷി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം കർഷകൻ തേങ്ങ കേരഫെഡിൽ എത്തിക്കണം. ഇവിടെയും കർക്കശ പരിശോധനയാണ്. ഈ തേങ്ങയിൽ നല്ലൊരു പങ്കും ഉദ്യോഗസ്ഥർ തിരിഞ്ഞ് മാറ്റാറുണ്ടെന്നും പരാതിയുണ്ട്. എടുക്കുന്ന തേങ്ങയുടെ പണം ആഴ്ചകൾക്ക് ശേഷം ബാങ്ക് അക്കൗണ്ടിൽ എത്തും.
 കിട്ടുന്ന കാശിനു വിൽക്കുന്നു
നൂലാമാലകൾ നിരവധിയായതിനാൽ, കേരഫെഡിന് ഒരിക്കൽ തേങ്ങ നൽകിയ കർഷകൻ പിന്നീട് ആ വഴിക്ക് പോവില്ല. വിലകുറഞ്ഞാലും ചെറുകിട കച്ചവടക്കാർക്ക് വിറ്റ് കിട്ടുന്ന പണം വാങ്ങാനാണ് കർഷകർ ആഗ്രഹിക്കുന്നത്. സർക്കാരിന്റെ കുത്തക തേങ്ങ സംഭരണവും കർഷകർക്ക് ഗുണം ചെയ്യുന്നില്ല. കേരളത്തിലെ തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ട കാർഷിക സർവകലാശാലയുടെ മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്നാണ് തെങ്ങ് കർഷകരുടെ ആവശ്യം. 2.50 ഏക്കർ ഭൂമിയിൽ 250 തെങ്ങിൻ തൈകൾ നടാനാവുന്ന തരത്തിൽ നിയമം മാറ്റി എഴുതണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
..................................
 തേങ്ങവില മുമ്പ്: ₹ 22
 ഇപ്പോൾ: ₹ 15
 സർക്കാർ താങ്ങുവില: ₹ 32