younus

അറിയാവുന്ന എല്ലാവരുടെയും മനസുകളിൽ നിറഞ്ഞ ചിരിയുള്ള മുഖമാണ് മുൻ എം.എൽ.എയും വ്യവസായിയുമായ ഡോ. എ. യൂനുസ്‌കുഞ്ഞ്. നിർമ്മലമായ ചിരികൊണ്ടാണ് അദ്ദേഹം എല്ലാവരെയും വരവേൽക്കുന്നത്. സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും മാത്രമല്ല, സ്വന്തം കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികളെയും നെഞ്ചോടുചേർത്തുപിടിച്ച മുതലാളിയും രാഷ്ട്രീയ നേതാവുമായിരുന്നു അദ്ദേഹം.

പട്ടിണിയോട് പടവെട്ടിയാണ് യൂനുസ്‌കുഞ്ഞ് രാഷ്ട്രീയനേതാവും ബിസിനസുകാരനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിപനുമായി വളർന്നത്. കുട്ടിക്കാലത്ത് ദാരിദ്ര്യം സഹിക്കവയ്യാതായപ്പോൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. കുടുംബ പുലർത്താനായി കശുഅണ്ടി ഫാക്ടറിയിൽ തൊഴിലാളിയായി. പിന്നീട് ചെറിയനിലയിൽ കശുഅണ്ടിവ്യവസായം തുടങ്ങി. വൈകാതെ നിരവധി കശുഅണ്ടി ഫാക്ടറികളുടെ ഉടമയായി വളർന്നു. ഒരുഘട്ടത്തിൽ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കശുഅണ്ടി കയറ്റുമതി ചെയ്യുന്ന വ്യവസായി ആയിരുന്നു. ഒപ്പം രാഷ്ട്രീയത്തിലും സജീവമായി. കശുഅണ്ടി വ്യവസായം അദ്ദേഹത്തിന് ലാഭമുണ്ടാക്കാനുള്ള ഉപാധിയായിരുന്നില്ല. വലിയ ബിസിനസുകാരനായി വളർന്നപ്പോഴും അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഫാക്ടറിയിലെ കറുത്തപുകയേറ്റ് തോട്ടണ്ടി വറുത്തിരുന്ന കുഞ്ഞുയൂനുസ് എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം തൊഴിലാളികളുടെ വീടുകളിലെ അടുപ്പെരിയാതിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളുരുകി. വ്യവസായിയായിരുന്നു അദ്ദേഹം. കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ 20 ഓളം കശുഅണ്ടി ഫാക്ടറികളിലായി പതിനയ്യായിരത്തോളം തൊഴിലാളികൾ ഇപ്പോൾ പണിയെടുക്കുന്നുണ്ട്.

ഡോ. എ. യൂനുസ് കുഞ്ഞിനോളം കശുഅണ്ടി വ്യവസായത്തിനായി നിയമപോരാട്ടങ്ങൾ നടത്തിയ മറ്റൊരാളുണ്ടാകില്ല. അത് സ്വന്തം വ്യവസായം പച്ചപിടിപ്പിക്കാനായിരുന്നില്ല. ഓരോഘട്ടത്തിലെയും സർക്കാർ നിലപാടുകൾ കശുഅണ്ടി തൊഴിലാളികളുടെ ജീവിതത്തിൽ പടർത്തിയ കരിനിഴൽ മായ്ക്കാനായിരുന്നു ആ പോരാട്ടങ്ങൾ. ഉപജീവനത്തിനായി പൊരിവെയിലേറ്റ് വാടുന്ന വഴിയോര കച്ചവടക്കാർക്കായി അദ്ദേഹം നിയമസഭയിൽ നടത്തിയ പ്രസംഗങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. പാവപ്പെട്ട നിരവധി പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനും വിവാഹത്തിനുമുള്ള ധനസഹായം നൽകി. ഇപ്പോഴും തന്റെ സ്ഥാപനങ്ങളിൽ പാവപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നു. യൂനുസ് സാഹിബിന് മുന്നിൽ കണ്ണീരോടെ ചെന്നവരാരും വെറും കൈയോടെ മടങ്ങിയിട്ടില്ല. മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയായി രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും കക്ഷിരാഷ്ട്രീയ ഭേദമില്ലാത്ത കൊല്ലത്തെ സാംസ്കാരിക വേദികളിലെ സ്ഥിരം സാന്നിദ്ധ്യവും നായകനുമായി അദ്ദേഹം മാറിയിരുന്നു.

പൊതുജീവിതം

യൂനുസ് കുഞ്ഞ് ആദ്യം സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. 1970 ന്റെ തുടക്കത്തിലാണ് യൂനുസ്‌കുഞ്ഞ് ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗിന്റെ സജീവ പ്രവർത്തകനായത്. സി.എച്ച്. മുഹമ്മദ് കോയയുടെ പ്രസംഗം കേട്ടാണ് ലീഗിലേക്ക് ആകർഷിക്കപ്പെട്ടത്. പിന്നീട് കൊല്ലം ജില്ലയിൽ മുസ്ലിം ലീഗിന്റെയും തൊഴിലാളി സംഘടനയായ എസ്.ടി.യുവിന്റെയും വേരുകൾ പടർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

നാട്ടുകാർക്കിടയിൽ പ്രവർത്തിച്ച് ആദ്യം വടക്കേവിള പഞ്ചായത്തംഗമായി. പിന്നെ പഞ്ചായത്ത് പ്രസിഡന്റായി. തുടർന്ന് ആദ്യത്തെ ജില്ലാ പഞ്ചായത്തിൽ ഇരവിപുരത്ത് നിന്നുള്ള അംഗമായി. പിന്നെ കോർപ്പറേഷൻ കൗൺസിലറും. മലപ്പുറത്ത് നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് എം.എൽ.എയുമായി. 1977ൽ വിദ്യാഭ്യാസ രംഗത്ത് സജീവമായി. സി.എച്ച്. മുഹമ്മദ് കോയയാണ് അദ്ദേഹത്തെ വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയർത്തിയത്. തനിക്ക് ലഭിക്കാതെ പോയ ഉന്നതവിദ്യാഭ്യാസം പിൻതലമുറയ്‌ക്ക് ലഭ്യമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ഇപ്പോൾ പള്ളിമുക്ക് യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗ്, രണ്ട് പോളിടെക്നിക് കോളേജ്, ബി.എഡ് കോളേജ്,ടി.ടി.സി, ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ എല്ലാമത വിഭാഗങ്ങൾക്കും തുല്യ പരിഗണനയാണ്.

മതസൗഹാർദ്ദത്തിനും മറ്റ് മതക്കാരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അദ്ദേഹം വലിയ പ്രാധാന്യം നൽകിയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ഥലമായ കൊല്ലം പള്ളിമുക്കിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് എല്ലാവർഷവും യൂനുസ് സ്ഥാപനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉണ്ടാകുമായിരുന്നു. സഞ്ചാര പ്രിയനായിരുന്ന അദ്ദേഹം അമേരിക്ക, റഷ്യ, യൂറോപ്പ്, നെതർലൻഡ്, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, കുവൈറ്റ്, ശ്രീലങ്ക, വിയറ്റ്നാം, തായ്ലൻഡ്, സിംഗപ്പൂർ, ഇന്തോനേഷ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

വിശാലമായ ഭൂമിയുടെ ഉടമസ്ഥനായിരുന്ന യൂനുസ് കുഞ്ഞ് കൃഷിയിലും സജീവമായിരുന്നു.