
താളംതെറ്റി സർക്കാർ ആശുപത്രികൾ
കൊല്ലം: കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതിന് പിന്നാലെ ആരോഗ്യപ്രവർത്തകരെയും കൊവിഡ് കീഴ്പ്പെടുത്തുന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കൊവിഡ് ബാധിതരായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയുടെയും ജില്ലയിലെ സർക്കാർ ആശുപത്രികളുടെയും പ്രവർത്തനം താളംതെറ്റി.
കൂടുതൽ കൊവിഡ് രോഗികൾ ചികിത്സ തേടുന്ന മെഡിക്കൽ കോളേജിൽ ആറ് സീനിയർ ഡോക്ടർമാർ കൊവിഡ് ബാധിതരായി അവധിയിലാണ്. ജില്ലാ ആശുപത്രിയിലും ആഴ്ചയിൽ നാലു ഡോക്ടർമാർ വരെ കൊവിഡ് ബാധിതരാകുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ ശരാശരി 30 മുതൽ 40 ശതമാനം ജീവനക്കാർ രോഗബാധിതരാണ്.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ജില്ലയിൽ 288 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് പോസിറ്റീവായത്. 160 കിടക്കകളുള്ള മെഡിക്കൽ കോളേജിലെ എല്ലാ കിടക്കകളിലും രോഗികൾ നിറഞ്ഞു. ജില്ലാ ആശുപത്രിയിൽ മാറ്റിവച്ച 50 കിടക്കകളിലും കൊവിഡ് രോഗികളുണ്ട്.
ജൂണിയർ ഡോക്ടർമാർ രാജിവച്ച് പോകുന്നതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ തീരുമാനപ്രകാരം സർക്കാർ ആശുപത്രികളിലെ കൊവിഡ് ബ്രിഗേഡിലേക്ക് ജില്ലയിൽ 55 ഡോക്ടർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല.
ഡോക്ടർമാരെ കിട്ടാനില്ല
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്കായി അപേക്ഷ ക്ഷണിച്ചെങ്കിലും ജോലിയിൽ പ്രവേശിച്ചത് രണ്ടുപേർ മാത്രമാണ്. സ്റ്റാഫ് നഴ്സ്, ക്ളീനിംഗ് സ്റ്റാഫ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷകർ തള്ളിക്കയറുകയാണ്. അടുത്ത മാസം നടക്കുന്ന പി.ജി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാലാണ് താത്കാലിക നിയമനത്തിന് ഡോക്ടർമാരെത്താത്തത്. കുറഞ്ഞ വേതനവും നിയമനം രണ്ടു മാസത്തേക്ക് മാത്രമാണെന്നതും തിരിച്ചടിയാണ്. സംസ്ഥാനത്ത് ആകെ കൊവിഡ് ബ്രിഗേഡിൽ 736 ഡോക്ടർമാരെ നിയമിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇതിൽ പകുതിപ്പേരെ പോലും ഇതുവരെ നിയമിക്കാനായിട്ടില്ല.
കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ
10 ദിവസത്തിനിടയിൽ: 288
ഇന്നലെ: 17
ഡോക്ടർമാരുടെ ഒഴിവ്
പാരിപ്പള്ളി മെഡിക്കൽ കോളേജ്: 20
ജില്ലാ ആശുപത്രി: 3
നെടുങ്ങോലം താലൂക്ക് ആശുപത്രി: 3
നീണ്ടകര, കോട്ടാരക്കര, കടയ്ക്കൽ: 2 വീതം
ഹോക്കി സി.എസ്.എൽ.ടി.സി: 3
വാളകം സി.എസ്.എൽ.ടി.സി: 2
""
പി.പി.ഇ കിറ്റിനുള്ളിലും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ല. ആരോഗ്യപ്രവർത്തകരിലും കൊവിഡ് ബാധിതർ വർദ്ധിക്കുകയാണ്. പകരം ഡോക്ടർമാരെ കിട്ടാനില്ല.
ആരോഗ്യപ്രവർത്തകർ