younus

കൊല്ലം: മുസ്ളിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എം.എൽ.എയും പ്രമുഖ കശുഅണ്ടി വ്യവസായിയുമായ പള്ളിമുക്ക് ഷാജഹാൻ മൻസിലിൽ ഡോ. എ. യൂനുസ്‌ കുഞ്ഞ് (82) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.

1991ൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി.

1977 മുതൽ നാലു പതിറ്റാണ്ടിലേറെ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

മുസ്ളിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ആണ്.

കാഷ്യൂ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ മുൻ വൈസ് ചെയർമാനും സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡ് (സിൽക്) മുൻ ചെയർമാനുമാണ്.

പള്ളിമുക്ക് യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗ്, കൊട്ടാരക്കര യൂനുസ് കോളേജ് ഒഫ് പോളിടെക്നിക്, പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബി.എഡ് ട്രെയിനിംഗ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്.

ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി ദരീഫാബീവിയാണ് ഭാര്യ. മക്കൾ: വൈ. ഷാജഹാൻ, വൈ. നൗഷാദ് (ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർമാന്മാർ), അഡ്വ. വൈ. അൻസാർ, വൈ. ഹാഷിം, നൂർജഹാൻ, മുംതാസ്, റസിയ (ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റ് ഡയറക്ടർമാർ). മരുമക്കൾ: സുജ ഷാജഹാൻ, ഡോ. നൗഫൽ (ബെൻസിഗർ, കൊല്ലം), സജീന നൗഷാദ്, ഷറഫുദീൻ (കാഷ്യൂ എക്‌സ്‌പോർട്ടർ), സീനു അൻസാർ, ഡോ. നസ്മൽ (ദുബായ്), പ്രൊഫ. മുനീറ ഹാഷിം. പള്ളിമുക്കിലെ ഷാജഹാൻ മൻസിൽ, പള്ളിമുക്ക് യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ച മൃതദേഹം കൊല്ലൂർവിള ജമാഅത്ത് പള്ളിയിൽ കബറടക്കി.