
കൊല്ലം: കരക്കാറ്റിന്റെ ശക്തി അല്പം കുറഞ്ഞതോടെ തീരങ്ങളിൽ നേരിയ ആശ്വാസം. കഴിഞ്ഞ മൂന്ന് മാസമായി മണ്ണെണ്ണയ്ക്കുള്ള പണി പോലും നടക്കാതെയാണ് പല വള്ളങ്ങളും മടങ്ങിവന്നിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലകളിൽ കൂടുതൽ മത്സ്യം കൊരുത്ത് തുടങ്ങി.
കൊല്ലം തീരത്ത് ഏറെക്കാലത്തിന് ശേഷം കോലൻ ചാള ലഭ്യമായി തുടങ്ങി. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി തുടർച്ചയായി കിട്ടിയിരുന്ന അയലയുടെ ലഭ്യത കുറഞ്ഞു. ഇപ്പോൾ ചെറിയ അയലയാണ് ലഭിക്കുന്നത്. കേരയുടെയും നെയ്മീന്റെയും ലഭ്യത ഉയർന്നതോടെ ഇവയുടെ വിലയും ചെറുതായി ഇടിഞ്ഞു. കൊല്ലം തീരത്ത് ഏകദേശം 800 ഓളം വള്ളങ്ങളുണ്ട്. മത്സ്യലഭ്യത കുറവായതിനാൽ 300ൽ താഴെ വള്ളങ്ങളാണ് കടലിൽ പോയിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വള്ളങ്ങൾ കടലിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ മത്സ്യവില അല്പം കൂടി കുറയുമെന്നാണ് പ്രതീക്ഷ.
ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകൾക്ക് ചെമ്മീൻ, കണ്ണൻകൊഴിയാള, ചൂര തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി ലഭിക്കുന്നത്. കരക്കാറ്റ് ബോട്ടുകളിലെ മത്സ്യലഭ്യതയെ കാര്യമായി ബാധിക്കാറില്ല. ഈമാസം അവസാനത്തോടെ കരയിൽ നിന്നുള്ള കാറ്റിന്റെ ശക്തി കൂടുതൽ കുറയുമെന്നാണ് പ്രതീക്ഷ.
മത്സ്യഇനങ്ങൾ, ഒരാഴ്ച മുമ്പുള്ള വില, ഇന്നലെ
കേര - 250 - 200
നെയ്മീൻ - 800 - 650
കോലൻചാള - 240 - 200
ചേമീൻ - 230 - 200
ചൂര - 180 - 160
കണ്ണൻകൊഴിയാള - 170 - 150
വറ്റ - 250 - 230
""
കഴിഞ്ഞ മൂന്ന് മാസമായി വള്ളക്കാശ് പോലും ലഭിച്ചിരുന്നില്ല. ഇപ്പോൾ മത്സ്യ ലഭ്യത വർദ്ധിച്ചു. ഇതോടെ വില കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ