
കൊല്ലം: പ്രായമേറുമ്പോഴും ടി.ഡി. സദാശിവന്റെ ചിന്തകളും എഴുത്തും നിറയൗവനത്തിലായിരുന്നു. അദ്ദേഹം എപ്പോഴും പുതിയ പുസ്തകങ്ങളുടെ പണിപ്പുരയിലായിരുന്നു. ഒരു പുസ്തകം പുറത്തിറങ്ങുന്നതിന് പിന്നാലെ അടുത്ത പുസ്തകത്തിന്റെ രചനയിലേർപ്പെടും. ഇങ്ങനെ നിലയ്ക്കാതെ എഴുതിക്കൊണ്ടിരുന്ന ടി.ഡി. സദാശിവന്റെ തൂലികയ്ക്ക് ഇനി വിശ്രമം. അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങൾക്കായുള്ള ആസ്വാദകരുടെ കാത്തിരിപ്പിനും വിരാമം.
എഴുതപ്പെട്ട ചരിത്രത്തിനിടയിൽ ഇനിയുമേറെ പൂരിപ്പിക്കപ്പെടാനുണ്ടെന്ന പ്രഖ്യാപനമായിരുന്നു ടി.ഡി. സദാശിവന്റെ 'കേരളചരിത്രം നൂറ്റാണ്ടുകളിലൂടെ' എന്ന പുസ്തകം. ചരിത്രത്തിലേക്കുള്ള സഞ്ചാരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനകളിൽ നാലെണ്ണം ചരിത്രഗ്രന്ഥങ്ങളായിരുന്നു. ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലഭിച്ച നിധിയായിരുന്നു ടി.ഡി.സദാശിവന്റെ 'കേരളചരിത്ര നിഘണ്ടു'. അദ്ദേഹം ചരിത്രത്തിലേക്ക് സഞ്ചരിക്കുന്നതിന് അനുസരിച്ച് ഗുരുദേവനിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു. ആലുവയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗുരുദേവൻ മാസികയിൽ കഴിഞ്ഞ 27 വർഷമായി ടി.ഡി. സദാശിവൻ ഗുരുദേവനെക്കുറിച്ച് എഴുതിവരുകയായിരുന്നു. മറ്റ് ചരിത്രഗ്രന്ഥങ്ങളിലൂടെ വായിച്ചറിയാത്ത ഗുരുദേവനെയാണ് ടി.ഡി.സദാശിവൻ തന്റെ രചനകളിലൂടെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ചെമ്പഴന്തിയിലെ സ്നേഹസൂര്യൻ എന്ന ചരിത്രഗ്രന്ഥം ഗുരുദേവനെ ഈശ്വരനായി ആസ്വാദകരുടെ മനസുകളിൽ നിറയ്ക്കുന്നതായിരുന്നു.
പൊതുസമൂഹത്തിലെ നിറസാന്നിദ്ധ്യം
ദാർശനിക ചിന്തകൻ, ചരിത്രകാരൻ എന്നീ നിലകൾക്കൊപ്പം കവി, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം പൊതുസമൂഹത്തിൽ നിറഞ്ഞു. ഗുരുദേവനെപ്പോലെ തന്നെ സത്യസായിബാബയെയും അദ്ദേഹം ഉപാസിച്ചിരുന്നു. നഴ്സറിതലം മുതൽ ഗവേഷണരംഗം വരെയുള്ള വിദ്യാർത്ഥികളിൽ സത്യം, ധർമ്മം, ശാന്തി, പ്രേമം, അഹിംസ എന്നീ പഞ്ച മൂല്യങ്ങൾ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ രോഗം ഏറെ തളർത്തുംവരെയും പ്രചാരണം നടത്തിവരികയായിരുന്നു. 1995 മുതൽ ഒരു പതിറ്റാണ്ട് കാലം ജനകീയാസൂത്രണ പരിപാടികളിൽ സജീവമായിരുന്നു. ഉള്ളൂർ സാംസ്കാരിക വേദി, ഫോർമർ ടീച്ചേഴ്സ് അസോസിയേഷൻ, ഗുരുദേവ കലാവേദി, ഡെമോക്രാറ്റിക് ഫാറം തുടങ്ങിയ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു.
ജന്മനാടിനോട് പ്രണയം
ജന്മനാടായ പ്രാക്കുളത്തോട് അദ്ദേഹത്തിന് പ്രണയമായിരുന്നു. ടി.ഡി. സദാശിവന്റെ പല കൃതികളിലും പ്രാക്കുളത്തെ കായലും മനുഷ്യരും തട്ടുകടകളും തൊഴിലാളികളും കഥാപാത്രങ്ങളായി കടന്നുവരുമായിരുന്നു.
എഴുത്തിനും സാംസ്കാരിക, സാമൂഹിക ഇടപെടലുകൾക്കും അദ്ദേഹത്തിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അർഹതപ്പെട്ട പല അംഗീകാരങ്ങളും ലഭിച്ചിട്ടില്ല. പക്ഷെ അതിലൊന്നും ടി.ഡി. സദാശിവന് പരിഭവം ഉണ്ടായിരുന്നില്ല. അദ്ദേഹം പ്രതിഫലേച്ഛയില്ലാതെയാണ് കർമ്മമണ്ഡലത്തിൽ സൂര്യനെപ്പോലെ ജ്വലിച്ചുകൊണ്ടിരുന്നത്.