കൊല്ലം: വേലിയേറ്റവും വെള്ളപ്പൊക്കവും ഉഴുതുമറിക്കുന്ന മൺറോത്തുരുത്തിന് മറ്റൊരു തലവേദനയാവുകയാണ് കുണ്ടറ പള്ളിമുക്ക്- മൺറോത്തുരുത്ത് റോഡ്. നാലു വർഷമായിട്ടും പണിതീരാത്ത റോഡ് കടുത്ത ചൂടുകാരണം പൊടിപടലങ്ങളിൽ പൊതിഞ്ഞു കിടക്കുകയാണ്.
ഉപരിതലം ഉയർത്തി ടാർ ചെയ്യാതെ കിടക്കുന്ന റോഡിൽ നിന്നുയരുന്ന പൊടി സഹിച്ച് മടുത്ത അവസ്ഥയിലാണ് നാട്ടുകാർ.
വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിശല്യം രൂക്ഷമാകും. യാത്രക്കാരുടെയും സമീപ വാസികളുടെയും
വ്യാപാരികളുടെയും അവസ്ഥ വിവരണാതീതമാണ്. 14 കിലോമീറ്റർ വരുന്ന റോഡിന്റെ 5 കിലോമീറ്റർ മാത്രമാണ് നിലവിൽ സഞ്ചാരയോഗ്യം. മൺറോതുരുത്ത് കാനറാ ബാങ്ക് മുതൽ കാരൂത്രക്കടവ്, റെയിൽവേ സ്റ്റേഷൻ വരെയും കാനറാ ബാങ്ക് മുതൽ കൊച്ചുപ്ളാംമൂട് വരെയുമുള്ള ഭാഗവും തീർത്തും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയാണ്. സ്വകാര്യ ബസുകൾ കാനറാ ബാങ്ക് ജംഗ്ഷനിൽ ഓട്ടം അവസാനിപ്പിക്കുകയാണ്. ഓട്ടോറിക്ഷകളും ഇതുവഴിയെത്തുന്നില്ല.
2018ൽ ആരംഭിച്ച റോഡ് നിർമ്മാണം അനിശ്ചിതമായി നീണ്ടതോടെ കരാറുകാരനെ ഒഴിവാക്കി ജോലികൾ റീടെണ്ടർ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പ്രസ്താവന നടത്തിയെങ്കിലും കരാറുകാരനെ മാറ്റിയില്ല, റോഡ് നിർമ്മാണം പൂർത്തിയായതുമില്ല. മൂന്നു മാസത്തിനിടെ ഒരു കിലോമീറ്റർ ദൂരത്തിൽ തൂമ്പുംമുഖം മുതൽ ഇടിയേക്കടവ് വരെ അരയടി ഉപരിതലം ഉയർത്തി. റോഡിന്റെ മിക്ക ഭാഗങ്ങളിലും ഉപരിതലം ഇളകിക്കിടക്കുന്നതാണ് പൊടിശല്ല്യം രൂക്ഷമാകാൻ കാരണം.
............................................
നിർമ്മാണ ജോലി ആരംഭിച്ചത്: 2018ൽ
കരാർ തുക: 24 കോടി
................................................
റോഡരികിലുള്ള റേഷൻ വ്യാപാരിയാണ് ഞാൻ. വേനൽ കടുത്തതോടെ പൊടി തിന്നുകയാണ് ഞങ്ങൾ. സാധനങ്ങൾ തുറന്നു വച്ചാൽ പൊടി നിറയും. ഇടയ്ക്ക് റോഡിൽ വെള്ളമൊഴിക്കും. അപ്പോൾ ഒരാശ്വാസം ലഭിക്കും. എന്നു തീരും ഈ ദുരിതമെന്നറിയില്ല
എസ്. ഭാസി, എസ്. എൻ. ഡി. പി യോഗം കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ്
സഹിക്കാൻ പറ്റാത്ത വിധമാണ് പൊടി ശല്യം. റോഡിനോട് ചേർന്നുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇളകിയ മെറ്റലിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്
എൻ. സദാനന്ദൻ, ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ