 
കൊട്ടാരക്കര: പുതിയ റോഡുകളായി. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കുറുമ്പാലൂർ വാർഡിലെ യാത്രാ ദുരിതം നീങ്ങുന്നു. പൂങ്ങോട്ട്- പനന്തോട്ടം കോളനി വാസികളുടെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. നാല് സെന്റ് കോളനിയിലേക്കുള്ള റോഡും മലയിൽപാറയിലേക്കുള്ള റോഡും വെട്ടിയതോടെയാണ് നാടിന്റെ യാത്രാദുരിതം നീങ്ങുന്നത്. സർക്കാരിന്റെ യാതൊരുവിധ ഫണ്ടും ചെലവിടാതെയാണ് റോഡ് ഒരുക്കിയത്. ആറ് മീറ്റർ വീതിയുള്ള റോഡിനായി പ്രദേശത്തുകാർ സൗജന്യമായി ഭൂമി വിട്ടുനൽകുകയായിരുന്നു. പൂങ്ങോട്ട്- പനന്തോട്ടം റോഡിനായി 3 കിലോ മീറ്ററോളം ദൂരമാണ് ശ്രമദാനമായി വെട്ടിയത്. നാല് സെന്റ് കോളനിയിലേക്ക് 600 മീറ്റർ നീളത്തിലും മലയിൽ പാറയിലേക്ക് അര കിലോ മീറ്ററും പുതുതായി റോഡ് നിർമ്മിക്കുകയായിരുന്നു.
കാൽനട യാത്രപോലും പ്രയാസം
പൊതുമരാമത്ത് വകുപ്പിന്റെ മൂർത്തിക്കാവ്- മനക്കരക്കാവ് റോഡിൽ നിന്ന് പൂങ്ങോട്ട്, പനന്തോട്ടം ഭാഗങ്ങളിലേക്ക് പോകാനായി നൂറ്റാണ്ടുകൾക്ക് മുൻപേയുള്ള നടവഴിയാണ് ഉണ്ടായിരുന്നത്. ഇവിടെ കാൽനട യാത്രപോലും പ്രയാസമായിരുന്നു. രോഗികളെ ആശുപത്രിയിലേക്ക് എടുത്തുകൊണ്ട് നടക്കേണ്ട ഗതികേടായിരുന്നു. മൃതദേഹം കൊണ്ടുവരുമ്പോഴും ഈ ദു:സ്ഥിതിയായതിനാൽ ഇവിടുത്തെ താമസക്കാർ ഏറെ വിഷമിച്ചു.
വാർഡ് മെമ്പർ മുന്നിട്ടിറങ്ങി
കുറുമ്പാലൂർ വാർഡ് മെമ്പറായി ബി.ജെ.പിയുടെ സന്തോഷ് കുമാറിനെ തിരഞ്ഞെടുത്തപ്പോൾ പുതിയ റോഡുകളുടെ വിഷയം നാട്ടുകാർ ഗൗരവമായി ചർച്ച ചെയ്തു. സന്തോഷ് കുമാർ മുന്നിട്ടിറങ്ങിയതോടെ റോഡ് നിർമ്മാണത്തിനായി ഭൂ ഉടമകൾ ഭൂമി വിട്ടുനൽകി. സാമ്പത്തിക സഹായം നൽകിയവരുമുണ്ട്. മൂന്നര ലക്ഷം രൂപ ഈ നിലയിൽ എത്തി. പാർട്ടി പ്രവർത്തകരുടെയും നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തനവും ചേർത്തപ്പോൾ റോഡ് നിർമ്മാണം തുടങ്ങി.
"ഞാൻ രാജ്യത്തിന് വേണ്ടി സേവനം ചെയ്ത പട്ടാളക്കാരനായിരുന്നു. പൊതുപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ നാട്ടുകാർ എന്നിൽ പ്രതീക്ഷ അർപ്പിച്ചു. കുറുമ്പാലൂർ വാർഡിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. ഇപ്പോൾ പുതിയ റോഡുകൾ വെട്ടി. മൺറോഡിലൂടെ യാത്ര ബുദ്ധിമുട്ടാകും. ടാറിംഗ്, കോൺക്രീറ്റ് നടത്തണം. ഇതിനായി മന്ത്രി കെ.എൻ.ബാലഗോപാലിനെയും എം.പിമാരെയുമടക്കം സമീപിക്കും. നാടിന്റെ പൊതുവികസനത്തിന് രാഷ്ട്രീയം നോക്കില്ല.
സന്തോഷ് കുമാർ, കുറുമ്പാലൂർ വാർഡ് മെമ്പർ