5 കോടി രൂപ അടങ്കൽ

കൊട്ടാരക്കര: വാളകത്ത് വൈദ്യുതി ബോർഡിന്റെ 33 കെ.വി സബ് സ്റ്റേഷൻ നിർമ്മിക്കും. ഇതിനുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമായി. എം.സി റോഡരികിൽ വാളകം മേഴ്സി ഹോസ്പിറ്റലിന് സമീപത്തായി കെ.എസ്.ടി.പിയുടെ അധീനതയിലുള്ള 30 സെന്റ് ഭൂമിയാണ് വൈദ്യുതി ബോർഡ് ഏറ്റെടുക്കുന്നത്. 5 കോടി രൂപയാണ് സബ് സ്റ്റേഷൻ നിർമ്മാണത്തിനായി അടങ്കൽ കണക്കാക്കുന്നത്. ആയൂർ 110 കെ.വി സബ് സ്റ്റേഷൻ, ചെങ്ങമനാട് 33 കെ.വി. സബ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് വാളകം സബ് സ്റ്റേഷന്റെ സ്രോതസ്. 33 കെ.വിയുടെയും 11 കെ.വിയുടെയും രണ്ട് എം.വി.എ ട്രാൻസ്ഫോർമറുകളുടെയും 6 പതിനൊന്ന് കെ.വി ഫീഡറുകളും വാളകം 33 കെ.വി സബ് സ്റ്റേഷനിലുണ്ടാകും. ഉമ്മന്നൂർ, വെട്ടിക്കവല, ഇളമാട് ഗ്രാമപഞ്ചായത്തുകളിലെയും കൊട്ടാരക്കര നഗരസഭയിലെയുമായി പതിനെണ്ണായിരം ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. ഭാവിയിൽ ചാർജ്ജിംഗ് സ്റ്റേഷൻ ഉൾപ്പടെയുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കാനാണ് തീരുമാനം.


നീണ്ടനാളത്തെ ആവശ്യം

വാളകം, ഉമ്മന്നൂർ, വെട്ടിക്കവല, ഇളമാട് മേഖലയിലെ താമസക്കാരുടെ ഏറെനാളത്തെ ആവശ്യമാണ് 33 കെ.വി. സബ്സ്റ്റേഷൻ. വോൾട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവും പരിഹരിക്കണമെന്നതാണ് പൊതുആവശ്യം. കെ.എസ്.ഇ.ബി വാളകം സെക്ഷന് 11 കെ.വി. ഫീഡറില്ലെന്നത് വലിയ പോരായ്മയായി നിലകൊള്ളുകയായിരുന്നു. സബ് സ്റ്റേഷൻ നിലവിൽ ഇല്ലാത്തതിനാൽ വളരെ ദൂരെനിന്നുള്ള 11 കെ.വി സബ് സ്റ്റേഷനുകളിൽ നിന്ന് വരുന്ന ഫീഡറുകളാണ് വാളകം സെക്ഷനിൽ വൈദ്യുതി വിതരണത്തിന് ഉപയോഗിക്കുന്നത്. ഫീഡറുകളുടെ ദൂരക്കൂടുതൽ പലവിധ തടസങ്ങളുണ്ടാക്കാറുണ്ട്. മറ്റിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ഫീഡറുകൾ ഓഫ് ചെയ്യുന്ന വേളയിൽ വാളകത്തും വൈദ്യുതി വിതരണം നിലയ്ക്കും. ഇതിന് പരിഹാരമായാണ് കെ.എസ്.ഇ.ബിയുടെ ആർ.ഡി.എസ്.എസ് പദ്ധതിയിൽ വാളകത്തെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയത്.

മന്ത്രി സന്ദർശിച്ചു

വാളകത്ത് സബ് സ്റ്റേഷനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ.എൻ.ബാലഗോപാൽ സ്ഥലം സന്ദർശിച്ചു. പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, ഡെപ്യൂട്ടി കളക്ടർ ജയശ്രീ, കെ.എസ്.ടി.പി സൂപ്രണ്ടിംഗ് എൻജിനീയർ ബിന്ദു, കെ.എസ്.ഇ.ബി കൊട്ടാരക്കര ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉദയകുമാർ, എക്സി.എൻജിനീയർ വിനു ശങ്കർ, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ.ജോൺസൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.