കൊട്ടാരക്കര: പൊതുജനങ്ങൾക്കും യാത്രക്കാർക്കും ശല്യമായ രീതിയിൽ മണ്ണുകയറ്റി പോകുന്ന ടിപ്പർ ലോറികൾ പിടിച്ചെടുത്ത് പിഴ ഈടാക്കാൻ അധികൃതർ തയ്യാറാകണമെന്ന് കെ.ടി.യു.സി. ബി കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ പൊതുനിരത്തിൽ അത്തരം ലോറികൾ തടയുവാൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ടിപ്പർ ലോറികളിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുന്ന മണ്ണും പൊടിയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. മണ്ണും ചെളിയും പാറയും പാറപ്പൊടിയും കയറ്റിപോകുന്ന ലോറികൾ ടാർപ്പ ഇട്ട് മൂടിവേണം പോകാനെന്നാണ് ഉത്തരവ്. പൊടിശല്യത്തെ കുറിച്ച് നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. വ്യാപാരികളും നാട്ടുകാരും തൊഴിലാളികളും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ടൗണിൽ റോഡ് കഴുകിയ സംഭവവും ഉണ്ടായി. ടിപ്പർ ലോറികളുടെ നിയമലംഘനത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നൽകി. പെരുങ്കുളം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസി‌ഡന്റ് എ.ഷാജു ഉദ്ഘാടനം ചെയ്തു. ജേക്കബ് വർഗീസ് വടക്കടത്ത്, കെ.പ്രഭാകരൻ നായർ, നീലേശ്വരം ഗോപാലകൃഷ്ണൻ, പ്ളാപ്പള്ളി സജി, ആനയം തുളസി, താമരക്കുടി സുരേഷ്, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.