18വയസിൽ താഴെയുള്ളവർക്ക് സൗജന്യ കാൻസർ ചികിത്സയുമായി സാമൂഹ്യ സുരക്ഷ മിഷൻ. ദാരിദ്ര്യ രേഖയ്ക്ക് താഴെയോ, മുകളിലോ എന്ന ഭേദമില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. രോഗിനിർണയത്തിനും ചികിത്സയ്ക്കുമുള്ള ചെലവ് ആശുപത്രി വഴി ലഭിക്കും. എങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് മുൻഗണന. സംസ്ഥാനത്തെ 12 ആശുപത്രികൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, തിരുവനന്തപുരം ആർ.സി.സി, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാൻസർ ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സാമൂഹ്യസുരക്ഷ മിഷൻ ഈ പദ്ധതി ആവിഷ്കരിച്ചത്.

ഒരു കുട്ടിയുടെ ചികിത്സാ ചെലവ് തുടക്കത്തിൽ 50000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിശോധനഫലം, ഡോക്ടർമാരുടെ പരിശോധന റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽ തുക ലഭിക്കും. സാമൂഹ്യസുരക്ഷ മിഷന്റെ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ബയോപ്സി/ റേഡിയോളജിക്കൽ ഇമേജിംഗ് റിപ്പോർട്ട് എന്നിവ സഹിതം അപേക്ഷിക്കണം.

നേരത്തെ ചികിത്സ ആരംഭിക്കുന്നവർക്ക് 19 വയസ് വരെ ആനുകൂല്യം ലഭിക്കും.

സംസ്ഥാന, കേന്ദ്ര, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവരുടെ മക്കൾക്ക് ആനകൂല്യം ലഭിക്കില്ല.

മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്ക് പദ്ധതിയുടെ അനൂകൂല്യം ലഭ്യമാകില്ല

ഇൻഷ്വറൻസ് തുകയേക്കാൾ കൂടുതൽ പണം ആവശ്യമായിരുന്നെങ്കിൽ പദ്ധതിയിൽ നിന്ന് ലഭിക്കും. ചികിത്സ തേടുന്ന ആശുപത്രി അധികൃതരിൽ നിന്ന് പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദാംശം ലഭിക്കും.