കൊല്ലം: കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങി കൊല്ലം ലോക്സഭാ മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഫ്ലൈ ഓവറുകൾ നിർമ്മിക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ദേശീയപാത 66ൽ കൊല്ലം ബൈപ്പാസ് മുതൽ കടമ്പാട്ടുകോണം മേഖല വരെ ഉൾപ്പെടുന്നതാണ് കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി ജംഗ്ഷനുകൾ. പ്രാദേശികമായ ഗതാഗത സൗകര്യത്തിനു വേണ്ടിയാണ് ഫ്ളൈഓവറുകൾ നിർമ്മിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നിർമ്മാണ രൂപകല്പനയിൽ പ്രാദേശികമായ താത്പര്യങ്ങളും കണക്കിലെടുത്തിട്ടുണ്ട്. കേരളത്തിൽ ദേശീയപാത 66 ന്റെ ദൈർഘ്യം 677 കിലോമീറ്റർ ആണ്. സമഗ്രമായ വികസനത്തിനാണ് ജില്ലയിൽ തുടക്കം കുറിക്കുന്നതെന്നും നിതിൻ ഗഡ്കരി അറിയിച്ചതായി എം.പി പ്രസ്താവനയിൽ പറഞ്ഞു.