
കൊല്ലം: ജനകീയനായ രാഷ്ട്രീയനേതാവും വ്യവസായിയും സാംസ്കാരിക, സാമൂഹ്യരംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ഡോ. എ. യൂനുസ് കുഞ്ഞിന് നാടിന്റെ യാത്രാമൊഴി.
അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള നൂറുകണക്കിന് പേരാണ് എത്തിയത്. അവരിൽ ചിലർക്ക് യൂനൂസ് സാഹിബ് കറകളഞ്ഞ തൊഴിലാളി നേതാവായിരുന്നു. മറ്റ് ചിലർക്ക് ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ ചിന്തകൻ, ഏറെപ്പേർക്ക് കാരുണ്യത്തിന്റെ ഉറവവറ്റാത്ത മനുഷ്യസ്നേഹി. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് എത്തിച്ച യൂനൂസ് സാഹിബിന്റെ ഭൗതികദേഹം രാവിലെ ഒമ്പതോടെ മണക്കാട് കോളേജ് നഗറിലുള്ള വസതിയിലും പിന്നാലെ പള്ളിമുക്ക് യൂനുസ് കോളേജ് ഓഫ് എൻജിനിയറിംഗിലും പൊതുദർശനത്തിന് വച്ചു.
പൊതുദർശനത്തിനിടെ വിവിധ സമയങ്ങളിലായി നടന്ന മയ്യിത്ത് നമസ്കാരത്തിന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വൈ.എം. ഹനീഫാ മൗലവി, ഹദിയത്തുള്ള തങ്ങൾ, കെ.ടി. ജലീൽ, സയ്യിദ് ജഹ്ഫർബാഫക്കി തങ്ങൾ, അബ്ദുൽ വാഹിദ് ദാരിമി, ഷിഹാബുദീൻ മൗലവി, അബ്ദുൽ ജലീൽ മൗലവി, ബദറുദ്ദീൻ മൗലവി കണിയാപുരം, അബ്ദുൽ ഷുക്കൂർ റഷാദി, ഡോ. മൺസൂർ ഹുദവി, അഹമ്മദ് കബീർബാഖവി, സയ്യിദ് മുഹ്സിൻ കോയാ തങ്ങൾ എന്നിവർ നേതൃത്വം നൽകി.
മന്ത്രി കെ.എൻ. ബാലഗോപാൽ, മുഖ്യമന്ത്രിക്ക് വേണ്ടി കളക്ടർ അഫ്സാനാ പർവീൺ, ഹൈക്കോടതി ജഡ്ജി പി. സോമരാജൻ, മുൻ മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിഅമ്മ, ബാബു ദിവാകരൻ, എം.എൽ.എമാരായ എം. നൗഷാദ്, ഡോ. സുജിത്ത് വിജയൻ പിള്ള, പി.സി. വിഷ്ണുനാഥ്, ടി.വി. ഇബ്രാഹിം, കെ.പി.എ. മജീദ്, മേയർ പ്രസന്നാ ഏണസ്റ്റ്, കേരളകൗമുദിക്ക് വേണ്ടി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ജി. ലാലു, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ആർ.എസ്.പി സംസ്ഥാന സമിതി അംഗം സജി.ഡി.ആനന്ദ്, അഡ്വ. എ. ഷാനവാസ് ഖാൻ, ടി.എ. അഹമ്മദ് കബീർ, ഡോ. ജി. പ്രതാപവർമ്മ തമ്പാൻ, ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബീമാപള്ളി റഷീദ്, മെഡിസിറ്റി ചെയർമാൻ വെഞ്ഞാറംമൂട് സലാം, ഐ.എൻ.എൽ ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ, ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, വിപിനചന്ദ്രൻ, കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ബെന്നി കക്കാട്, കോൺഗ്രസ് നേതാവ് ഇരവിപുരം സജീവൻ, ശങ്കേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അനിൽ മുത്തോടം, കലാപ്രേമി ബഷീർ, കൊല്ലൂർവിള മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹുമാൻ തുടങ്ങി ഒട്ടെറെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. കോളേജിലെ പൊതുദർശനത്തിന് ശേഷം രണ്ടുമണിയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊലീസ് ബഹുമതികൾക്കു ശേഷം വൈകിട്ട് അഞ്ചോടെ കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി. കൊല്ലൂർവിള പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് മുനവറലി ഷിഹാബ് തങ്ങൾ നേതൃത്വം നൽകി.