കൊല്ലം: മോട്ടോർ സൈക്കിൾ മോഷ്ടിച്ച യുവാവ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായി. വടക്കേവിള അയത്തിൽ ചരുവിള വീട്ടിൽ അജേഷാണ് (22) പൊലീസ് പിടിയിലായത്.

ശക്തികുളങ്ങര മീനത്ത് ചേരിയിൽ കല്ലിംഗഴികത്ത് വീട്ടിൽ രവികുമാറിന്റെ ഉടമസ്ഥതയിലുള്ള പൾസർ മോട്ടോർ ബൈക്കാണ് കഴിഞ്ഞ 28ന് രാത്രിയിൽ മോഷ്ടിച്ചത്. തുടർന്ന് രവികുമാർ ശക്തികുളങ്ങര പൊലീസിൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് അജേഷ് പിടിയിലായത്. അജേഷിനൊപ്പം സഹായികളായ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇവർ മോഷണ വാഹനത്തിൽ യാത്ര ചെയ്ത് അയത്തിൽ രണ്ടാം നമ്പരിലേക്ക് പോകുന്നതായി രഹസ്യ വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വി.അനീഷ്, എ.എസ്‌.ഐമാരായ ഡാർവിൻ ജയിംസ്, പ്രദീപ്, അനിൽകുമാർ സി.പി.ഒമാരായ മനീഷ്, ഹാരോൺ ജോസഫ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.