കൊല്ലം: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തഴുത്തല പി.കെ. ജംഗ്ഷൻ പ്രസീദ് ഭവനിൽ പ്രസീദ്ലാലാണ് അറസ്റ്റിലായത്.

ഡിസംബർ 22ന് വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. സ്ത്രീധനം ആവശ്യപ്പെട്ട് പ്രസീദ്ലാൽ ഭാര്യ വിമിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. സംഭവ ദിവസവും തർക്കമുണ്ടായി. ഇതിനിടെ മർദ്ദിച്ച ശേഷം മുഖത്ത് തലയിണ അമർത്തിയും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പ്രസീദ്ലാലിന്റെ മൊബൈൽ ഫോണിൽ ആരോ വിളിച്ചു. ഈ സമയം വിമി പുറത്തേക്കോടി അയൽ വീട്ടിൽ അഭയം തേടുകയായിരുന്നു.

കൊട്ടിയം പൊലീസിൽ പരാതി നൽകിയെങ്കിലും ഗാർഹിക പീഡനത്തിനാണ് കേസെടുത്തത്. പിന്നീട് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോ അന്വേഷണം ആരംഭിച്ചതോടെയാണ് കൊട്ടിയം പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്.