കൊല്ലം: ഡോ. എ.പി.ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ വ്യാജ രേഖകളുണ്ടാക്കി കുട്ടികളുടെ ഫോട്ടോ പതിച്ച് ചികിത്സാ സഹായം എന്ന പേരിൽ പണപ്പിരിവ് നടത്തി നാട്ടുകാരെ കബളിപ്പിച്ച യുവാവിനെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഓയൂർ ബിന്ദു സദനത്തിൽ ബൈജുവാണ് (46) പൊലീസ് പിടിയിലായത്. ബൈജു കുളപ്പാടത്തുള്ള അൻസിൽ എന്ന കുട്ടിയുടെയും കുടവട്ടൂരിലുള്ള കാർത്തിക്ക് എന്ന കുട്ടിയുടെയും ചികിത്സാ ആവശ്യത്തിലേക്ക് എന്ന വ്യാജേന മറ്റൊരു കുട്ടിയുടെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും പൂയപ്പള്ളി മൈലോടുള്ള നീതു എന്ന കുട്ടിയുടെ വിലാസവും മറ്റൊരു കുട്ടിയുടെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും കാണിച്ചാണ് പണപ്പിരിവ് നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം പള്ളിമൺ സൗമ്യാ ഭവനത്തിൽ ശ്യാമ പ്രഭൻ എന്നയാളുടെ വീട്ടിൽ പണപ്പിരവിനെത്തി. വീട്ടുടമയ്ക്ക് സംശയം തോന്നി കൂടുതൽ കാര്യങ്ങൾ തിരക്കിയപ്പോൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുടമ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ ബൈജുവിനെ ഓയൂരിൽ നിന്ന് പിടികൂടുകയായിരുന്നു.
കുട്ടികളുടെ ഫോട്ടോ പതിച്ച അഭ്യർത്ഥനാ കാർഡിൽ കണ്ണനല്ലൂർ കാനറ ബാങ്കിന്റെയും പൂയപ്പള്ളി എസ്.ബി.ഐ ബാങ്കിന്റെയും അക്കൗണ്ട് നമ്പറുകൾ വ്യാജമായി ചേർത്തിട്ടുണ്ടായിരുന്നു. അന്വേഷണത്തിൽ അഭ്യർത്ഥന കാർഡിൽ പതിച്ചിരിക്കുന്ന ഫോട്ടോകളും വിലാസവും വ്യാജമാണെന്നും ഒരു ഫോട്ടോ ഉപയോഗിച്ച് രണ്ട് വിലാസത്തിൽ അഭ്യർത്ഥന നടത്തിയതായും കണ്ടെത്തി. കണ്ണനല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ യു.പി. വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഡി. സജീവ്, എ.എസ്.ഐ സതീഷ്, സി.പി.ഒ നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.