
കൊല്ലം: വരുമാനം കുറഞ്ഞ് നെല്ലിപ്പടിയും കടന്നതോടെ ദാരിദ്രയത്തിൽ മുങ്ങിത്താഴുകയാണ് മൺറോത്തുരുത്ത് പഞ്ചായത്ത്. എണ്ണയടിക്കാൻ കാശില്ലാതെ പഞ്ചായത്ത് ജീപ്പ് ഷെഡിൽ കയറിയിട്ട് ആറുമാസം കഴിഞ്ഞു.
പമ്പിൽ 65,000 രൂപ കുടിശികയായതോടെ പമ്പുകാർ മുഖം തിരിച്ചു. പഞ്ചായത്തിലെ 13 ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ജനറൽ പർപ്പസ് ഫണ്ടിൽ നിന്നാണ്. പക്ഷെ, പി.എഫ് ഉൾപ്പെടെയുള്ളവ അടയ്ക്കുന്നില്ല. ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം ജൂൺ മുതൽ വിതരണം ചെയ്തിട്ടില്ല.
വരുമാനം കുറഞ്ഞുതുടങ്ങിയതോടെ പഞ്ചായത്തുകൾക്ക് സർക്കാർ നൽകുന്ന ഗ്യാപ്പ് ഫണ്ടായിരുന്നു മൺറോത്തുരുത്തിന്റെ പിടിവള്ളി. 2019ൽ 71 ലക്ഷം രൂപ ലഭിച്ചു. ഇത് ചെലവഴിച്ച് ശമ്പളം, ഓണറേറിയം, കടത്തുവള്ളത്തിന്റെ കുടിശിക ഉൾപ്പെടെ നൽകി. ഇപ്പോൾ രണ്ടുവർഷമായി ഗ്യാപ്പ് ഫണ്ട് ലഭിക്കുന്നില്ല. പഞ്ചായത്ത് ഭരണസമിതി പല തവണ സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
വരുമാനമാർഗമില്ല, പ്രവർത്തനം മുടങ്ങുന്നു
1. കെട്ടിടം, തൊഴിൽ, ലൈസൻസ് ഫീസ് എന്നിവയാണ് ആകെയുള്ള വരുമാനം
2. മറ്റ് വരുമാനങ്ങൾ ലഭിക്കാവുന്ന സംരംഭങ്ങളില്ല
3. ടൂറിസത്തിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കുന്നില്ല
4. ടൂറിസ്റ്റ് വള്ളങ്ങൾക്ക് ലൈസൻസ് ഫീസ് ഏർപ്പെടുത്താൻ ശ്രമിച്ചെങ്കിലും കൊവിഡ് തടസമായി
5. പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും ധനമന്ത്രിയെ കണ്ടെങ്കിലും ഫലം കണ്ടില്ല
6. പ്രതിമാസം ജനറൽ പർപ്പസിന് ലഭിക്കുന്ന 4.21 ലക്ഷം രൂപ ജീവനക്കാരുടെ ശമ്പളം നൽകാൻ മാത്രമേ തികയൂ
പ്രതിവർഷ വരുമാനം: 15 ലക്ഷം
പട്ടിണി തുഴയെറിഞ്ഞ് കടത്തുകാർ
പഞ്ചായത്ത് കടത്തുവള്ളങ്ങളിലെ ജീവനക്കാർക്ക് നൽകിയിരുന്ന പ്രതിമാസ വേതനം മുടങ്ങിയിട്ട് ഒരു വർഷമായി. മാസം 1000 രൂപ വീതമാണ് നൽകിയിരുന്നത്. തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എൻജിനിയർ, ഓവർസിയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ വേതനം മുടങ്ങിയിട്ട് മൂന്ന് മാസമായി. ഹോമിയോ ആശുപത്രിയിലെ താത്കാലിക ജീവനക്കാരനും പത്തുമാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്.
""
ദുരന്തനിവാരണം, ദുരന്ത ലഘൂകരണം, കാലാവസ്ഥാ വ്യതിയാനം എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി സംസ്ഥാന ബഡ്ജറ്റിൽ മൺറോത്തുരുത്തിനായി സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം. ജനങ്ങൾ ഒഴിഞ്ഞുപോയതുകൊണ്ട് മൺറോത്തുരുത്തിനെ രക്ഷിക്കാനാവില്ല.
പഞ്ചായത്ത് ഭരണസമിതി