കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വിശ്വാസികൾ കാണിക്കയായി സമർപ്പിക്കുന്ന വരുമാനം സ്ഥാനി വിഭാഗക്കാരായ നാല് കുടുംബങ്ങൾക്ക് പങ്കിട്ടുനൽകാൻ പക്ഷപാതപരമായ ഗൂഢനീക്കം.
ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി സ്ഥാനി വിഭാഗക്കാർക്ക് ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് ആൽത്തറകളിലെ വരുമാനത്തിന്റെ പകുതി പങ്കിട്ടുനൽകണമെന്ന വ്യവസ്ഥ ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ കരട് ബൈലോയിൽ ഉൾപ്പെടുത്തി.
സ്ഥാനിവിഭാഗക്കാർക്ക് വരുമാനം പങ്കിട്ടുനൽകണമെങ്കിൽ, അതിനുള്ള ആധികാരിക രേഖകൾ വിചാരണ കോടതിയെ ബോധിപ്പിച്ച ശേഷം ബൈലോയിൽ ഉൾപ്പെടുത്താനായിരുന്നു ഹൈക്കോടതി വിധി. എന്നാൽ വിചാരണ കോടതിയിൽ യാതൊരു ചരിത്രരേഖകളും തെളിവുകളും ഹാജരാക്കാതെയാണ് കരട് ബൈലോയിൽ വരുമാനം പങ്കിടൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്ഷേത്ര വരുമാനത്തിന്റെ അമ്പത് ശതമാനം സ്ഥാനി വിഭാഗക്കാർക്ക് നൽകുന്ന കീഴ്‌വഴക്കത്തിനെതിരെ ഈ വിഭാഗക്കാരും മാറിവരുന്ന ഭരണസമിതികളും തമ്മിൽ വർഷങ്ങളായി കേസ് നടക്കുകയാണ്. ഏറ്റവും കൂടുതൽ കാണിക്ക വീഴുന്ന ഭണ്ഡാരങ്ങളിലെ വരുമാനം പങ്കിട്ടുപോകുന്നത് ക്ഷേത്ര വികസന പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. ഇതിനിടയിൽ ബൈലോയിൽ വ്യവസ്ഥയില്ലാതെ വരുമാനം പങ്കിട്ട് നൽകുന്നത് ശരിയല്ലെന്ന് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചു. ഇതിനെതിരെ സ്ഥാനി വിഭാഗക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിലാണ് ഹൈക്കോടതി ബൈലോ ഭേദഗതിക്ക് അഡ്മിനിസ്ട്രേറ്ററായി റിട്ട. ഹൈക്കോടതി ജഡ്ജി എ.വി. രാമകൃഷ്ണപിള്ളയെ നിയോഗിച്ചത്. ബൈലോയിൽ ഉൾപ്പെടുത്തി കീഴ്ക്കോടതിയിൽ ആധികാരികമായി സ്ഥിരീകരിച്ച ശേഷമേ വരുമാനം പങ്കിടാൻ പാടുള്ളുവെന്നായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി. ഈ വിധിയാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
സ്ഥാനികളിലേക്ക് പോകുന്നത്
പ്രതിവർഷം 60 ലക്ഷം
പ്രതിവർഷം 60 ലക്ഷം രൂപയോളമാണ് ക്ഷേത്ര വരുമാനത്തിൽ നിന്നും സ്ഥാനി സമുദായത്തിനായി പോകുന്നത്. അരിവണ്ണൂർ, പള്ളിയമ്പിൽകളയ്ക്കാട് എന്നീ രണ്ട് നായർ കുടുംബങ്ങൾക്ക് കിഴക്കേ ആൽത്തറയിലെയും, ഐക്കരവള്ളിൽ കുടുംബത്തിലെ ഒന്നും, രണ്ടും ഗ്രൂപ്പുകൾക്ക് പടിഞ്ഞാറെ ആൽത്തറയിലെയും വരുമാനത്തിന്റെ അൻപത് ശതമാനം വീതമാണ് നൽകിവന്നിരുന്നത്. ഈ രണ്ട് ആൽത്തറകളിലും പ്രതിവർഷം 1.20 കോടിയോളം രൂപ വരുമാനമുണ്ട്. മാറി വന്ന ഭരണസമിതികൾക്ക് ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടാണ്. അതുകൊണ്ട് തന്നെ കുറച്ചുകാലമായി ഈ പണം സ്ഥാനികൾക്ക് വിതരണം ചെയ്യുന്നില്ല. പകരം പ്രത്യേക അക്കൗണ്ട് രൂപീകരിച്ച് അതിൽ നിക്ഷേപിച്ച് വരികയാണ്. നിലവിലെ ഭരണസമിതിക്ക് സ്ഥാനികൾക്ക് ക്ഷേത്ര വരുമാനത്തിന്റെ പകുതി നൽകുന്നതിനോട് യോജിപ്പില്ല. അതുകൊണ്ട് തന്നെ വരുമാനം പങ്കിടേണ്ടെന്ന നിർദ്ദേശമാണ് ബൈലോ രൂപീകരണവുമായി ബന്ധപ്പെട്ട് നിലവിലെ ഭരണസമിതി അഡ്മിനിസ്ട്രേറ്റർക്ക് നൽകിയത്. ഇത് പരിഗണിക്കാതെ ഏകപക്ഷീയമായി വരുമാനം പങ്കിടൽ ബൈലോയിൽ ഉൾപ്പെടുത്തുകയായിരുന്നു.