
കൊല്ലം: സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും 87 നഗരസഭകളിലുമടക്കം 93 തദ്ദേശ സ്ഥാപനങ്ങളിൽ അമൃത്-2 പദ്ധതിയിൽ എല്ലാ വീടുകളിലും കുടിവെള്ള കണക്‌ഷനെത്തും.
ആദ്യഘട്ടത്തിൽ കോർപ്പറേഷനുകളിലും ആലപ്പുഴ, പാലക്കാട്, ഗുരുവായൂർ നഗരസഭകളിലെ ഓരോ വാർഡിലും 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കും.
പദ്ധതി നടത്തിപ്പിനായി മുഴുവൻ നഗരസഭകളും കുടിവെള്ള ലഭ്യതക്കുറവ് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കും. 86 നഗരസഭകൾ റിപ്പോർട്ട് തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കുടിവെള്ളം ഉറപ്പാക്കാനുള്ള പദ്ധതികൾ വാട്ടർ അതോറിറ്റി തയ്യാറാക്കും.
കുടിവെള്ളം, മലിനജല സംസ്കരണം, ജലസ്രോതസുകളുടെ പുനരുദ്ധാരണം എന്നിവയ്ക്കാണ് അമൃത് -2ൽ പണം വകയിരുത്തിയത്.
പദ്ധതിയിലെ 9 നഗരങ്ങളിൽ മാത്രമാണ് അമൃത് 1ൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
കുടിവെള്ള ടാപ്പ് കണക്‌ഷനാണ് മുൻഗണന. ജലലഭ്യത കുറവുള്ള പ്രദേശങ്ങളിൽ പുതിയ സ്രോതസുകളുടെ നിർമ്മാണത്തിനും പണം ചെലവഴിക്കാം. പദ്ധതികളുടെ ടെൻഡർ ഏപ്രിലിൽ ആരംഭിക്കും.
ജനസംഖ്യ നോക്കി കേന്ദ്രവിഹിതം
അമൃത് 2ൽ ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ പദ്ധതിയുടെ 50 ശതമാനം കേന്ദ്ര വിഹിതമായിരിക്കും. ഒരു ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള നഗരങ്ങൾക്ക് മൂന്നിലൊന്നായിരിക്കും കേന്ദ്രവിഹിതം. ബാക്കി സംസ്ഥാനം വഹിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം നിശ്ചയിച്ചിട്ടില്ല.
അമൃത് -2 പദ്ധതി
വികസന പ്രവർത്തനങ്ങൾക്ക് 4,000 കോടി
കേന്ദ്ര വിഹിതം 1,372 കോടി
55 % കുടിവെള്ള മേഖലയ്ക്ക്
40 % മലിനജല സംസ്കരണം
5 % ജലസ്രോതസുകളുടെ പുനരുദ്ധാരണം