24 കോടിയുടെ നിർമ്മാണം
പത്തനാപുരം : പത്തനാപുരത്തിന്റെ ഹൃദയഭാഗത്ത് ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ഷോപ്പിംഗ് മാൾ നോക്കുകുത്തിയാകുന്നു. 24 കോടി രൂപ ചെലവഴിച്ചെങ്കിലും ഷോപ്പിംഗ് മാൾ നിർമ്മാണം ഇതുവരെയും പൂർത്തിയായില്ല. കോടിക്കണക്കിന് രൂപയ്ക്ക് ലേലം നടത്തിയിട്ടും ഇതുവരെ ഒരു കടപോലും തുടങ്ങാനുമായിട്ടില്ല. മാൾ നിർമ്മിക്കാൻ കെ.എ.ആർ.ഡി.യുവിൽ നിന്ന് വായ്പയെടുത്ത 24 കോടിയുടെ ബാദ്ധ്യത പെരുകുന്നത് പത്തനാപുരം പഞ്ചായത്തിന് തലവേദനയുമാകുന്നു.നിർമ്മാണം പൂർത്തിയാക്കാനും നിർമ്മാണ ഏജൻസിക്ക് നൽകാനുമായി 8 കോടിയോളം രൂപയുടെ വായ്പ ഇനി കിട്ടാനുമുണ്ട്.
വഴിയാധാരമായി കച്ചവടക്കാർ
ചന്ത പ്രവർത്തിച്ചിരുന്ന ഭാഗത്ത് ഷോപ്പിംഗ് മാൾ ഉയർന്നതോടെ ഒഴിപ്പിക്കപ്പെട്ട നൂറുകണക്കിന് കച്ചവടക്കാരും വഴിയാധാരമായി. അവശേഷിച്ച കുറെ കച്ചവടക്കാർ ചന്തയിലെ പരിമിതമായ സ്ഥലത്തേക്ക് ഒതുങ്ങി. ചന്ത അപ്രസക്തമായതോടെ പഞ്ചായത്തിന് ലക്ഷങ്ങളുടെ വരുമാന നഷ്ടവും ഉണ്ടായി.
നിർമ്മാണം ഊരാളുങ്കലിന്
ഊരാളുങ്കൽ ലേബർ സൊസൈറ്റിയ്ക്കായിരുന്നു ഷോപ്പിംഗ് മാളിന്റെ നിർമ്മാണ ചുമതല. തുടർപ്രവർത്തനങ്ങൾക്കായി വേണ്ടി വരുന്ന ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് മാളിന്റെ നിർമ്മാണം നിറുത്തി വച്ചതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. അഞ്ച് നിലകളുള്ള കെട്ടിടമാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്.
എത്രയും വേഗം മാളിന്റെ പണികൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പ്രയോജനകരമാക്കും.
എസ് .തുളസി
(ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
മാൾ പൂർത്തിയായി പ്രവർത്തനം തുടങ്ങുമ്പോൾ ചെറുകിട വ്യാപാരികൾക്കും ഉപകാരപ്പെടണം (അഡ്വ.എം. സാജു ഖാൻ, ഗ്രാമ പഞ്ചായത്ത് അംഗം)