
കൊല്ലം∙ കൊല്ലം - തേനി ദേശീയപാത വികസനത്തിന് പദ്ധതി രേഖ തയ്യാറായി. കടവൂർ അമ്പലത്തിന് സമീപം മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ വീതി കൂട്ടി നവീകരിക്കുകയാണ് പദ്ധതി.
16 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാനാണ് ദേശീയപാത വിഭാഗത്തിന്റെ ശുപാർശ. ഭൂമി ലഭ്യത കുറവുള്ളിടത്ത് ബൈപ്പാസ് റോഡ് നിർമ്മിക്കും. പെരിനാട് റെയിൽവേ മേൽപ്പാലം മുതൽ ശാസ്താംകോട്ടയ്ക്ക് സമീപം വരെയാണ് ബൈപ്പാസ് നിർമ്മിക്കുക. പെരിനാട് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്ത് നിന്നാരംഭിച്ച് പടപ്പക്കര, കുമ്പളം, ചിറ്റുമല പൊലീസ് സ്റ്റേഷൻ വഴി ശാസ്താംകോട്ടയ്ക്ക് സമീപം എത്തുന്നതാണ് നിർദിഷ്ട ബൈപ്പാസ്. 14 കിലോമീറ്റർ ദൂരം വരും.
അലൈൻമെന്റ് നിശ്ചയിക്കുന്നതിനുള്ള ടോപോഗ്രാഫിക്കൽ സർവേ റിപ്പോർട്ട് ഉൾപ്പെടുത്തി വിശദമായ പദ്ധതി രേഖ ഉടൻ സമർപ്പിക്കും. മുംബയിലുള്ള ശ്രീകണ്ഠ കൺസൾട്ടൻസിയാണ് ഡ്രോൺ ഉപയോഗിച്ച് ടോപോഗ്രാഫിക്കൽ സർവേ നടത്തിയത്.
കുതിച്ച് പായാൻ ഫ്ളൈ ഓവറും
1. ഭരണിക്കാവ് ജംഗ്ഷനിൽ ഫ്ലൈ ഓവറും ദേശീയപാത ബൈപ്പാസും
2. വികസനത്തിൽ 13 വലിയ ജംഗ്ഷനുകളും 20 ചെറിയ ജംഗ്ഷനുകളും
3. ഭരണിക്കാവ് ജംഗ്ഷനിൽ നാലുവരി ഫ്ലൈ ഓവർ, നടപ്പാത
4. 640 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഫ്ലൈ ഓവറിന് 17 മീറ്റർ വീതി
5. ഭരണിക്കാവ് ജംഗ്ഷനിൽ 31 മീറ്റർ വീതിയുണ്ടാകും
6. നിലവിലുള്ള പാലങ്ങൾക്ക് സമാന്തരമായി പാലങ്ങൾ നിർമ്മിക്കും
7. റെയിൽവേ ഓവർ ബ്രിഡ്ജിനും സമാന്തര പാലം നിർമ്മിക്കും
പദ്ധതി ചെലവ് ₹ 200 കോടി
ആകെ ദൂരം: 62 കിലോ മീറ്റർ
""
ദേശീയ പാതയ്ക്ക് 16, 15, 13 മീറ്റർ വീതികളാണ് നിർദേശിച്ചിരിക്കുന്നത്. 16 മീറ്റർ വേണമെന്നാണ് ദേശീയപാത സാങ്കേതിക വിഭാഗത്തിന്റെ നിർദേശം. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ എന്നിവരുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.
ദേശീയപാത വിഭാഗം അധികൃതർ