photo
നിശ്ചലമായ കൈതറി

 ആവശ്യത്തിന് നൂലില്ല, കൂലിക്ക് കാത്തിരിക്കണം

കരുനാഗപ്പള്ളി: കൊവിഡി​ന്റെ കുരുക്കി​ലായ കൈത്തറി​ വ്യവസായം പി​ടി​ച്ചു നി​ൽക്കാൻ പെടാപ്പാട് പെടുന്നു. ആവശ്യത്തിന് നൂല് ലഭിക്കാത്തതും കൂലിക്കുള്ള കാലതാമസവുമാണ് തൊഴിലാളികളെ വ്യവസായത്തിൽ നിന്നു പിന്തി​രിപ്പിക്കുന്നത്.

കൊവിഡിനെ തുടർന്ന് ഒരു വർഷമായി​ തൊഴി​ൽ ഇല്ലാത്ത അവസ്ഥയി​ലായി​രുന്നു മേഖല. കഴി|ഞ്ഞ ആഗസ്റ്റി​ലാണ് ചെറിയ രീതി​യി​ലെങ്കി​ലും ജോലി​ ആരംഭിച്ചത്. നി​ലവി​ൽ മൂന്ന് മാസത്തെ കൂലിക്കു വേണ്ടി​ വലയുകയാണ് നെയ്ത്തു തൊഴിലാളികൾ. കൈത്തറി വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ക്ലസ്റ്റർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കൈത്തറി തുണികളുടെ ഉത്പാദനം. 15 ദിവസം ജോലി ചെയ്യാനുള നൂല് മാത്രമാണ് കോർപ്പറേഷൻ നൽകുന്നത്. 1.250 കിലോ തൂക്കമുള്ള 8 കോണുകളാണ് ഒരു തൊഴിലാളിക്ക് നൽകുന്നത്. 15 ദിവസം കഴിയുന്നതോടെ തൊഴിൽ ഇല്ലാതാകുന്ന സ്ഥതിയാണ് നിലവി​ലുള്ളത്.

# യൂണിഫോം ആശ്വാസം

സ്കൂൾ യൂണിഫോമാണ് ഇപ്പോൾ നെയ്യുന്നത്. ഒരു മീറ്ററി​ന് 100 രൂപ കൂലി​ കിട്ടും. മാസത്തിന്റെ അവസാനമങ്കിലും ഇതു കിട്ടിയി​രുന്നെങ്കിൽ ജീവിതം വഴി മുട്ടുകയില്ലായിരുന്നെന്ന് തൊഴിലാളികൾ പറയുന്നു. മാസം 150 മീറ്റർ തുണി ഉത്പാദിപ്പിച്ചാൽ പ്രോഡക്ഷൻ ഇൻസന്റീവ് ഇനത്തിൽ ഓരോ തൊഴിലാളിക്കും 4,000 രൂപ ലഭിക്കും. 4 വർഷമായി ഇൻസൻന്റീവ് ലഭിച്ചിട്ടില്ല. ലക്ഷങ്ങളാണ് ഇൻസെന്റീവ് ഇനത്തിൽ കോർപ്പറേഷനിൽ നിന്നു കിട്ടാനുള്ളത്.

.........................................

 മേഖലയിൽ കൂടുതലും സ്ത്രീ തൊഴിലാളികൾ

 തൊഴിൽ ഭാഗികമായി നിലച്ചു, കൂലിയില്ല

 തൊഴിലാളികൾ കൈത്തറി മേഖല വിടുന്നു

 പൂർണമായ തകർച്ച ഉടനെന്ന് തൊഴിലാളികൾ

................................................

# നൂറിൽ നിന്നിറങ്ങി 25ൽ

കരുനാഗപ്പള്ളിയുടെ പരിധയിൽ വരുന്ന തറയിൽമുക്ക് പാലമൂട്ടിൽമുക്ക്, ഓട്ടത്തിൽമുക്ക് മരുതൂർക്കുളങ്ങര എന്നിവിടങ്ങൾ കൈത്തറി നെയ്ത്തിന്റെ കേന്ദ്രങ്ങളായിരുന്നു. എല്ലാത്തരത്തിലുമുള്ള കൈത്തറി തുണികൾ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു. കാളക്കൊമ്പൻ ചുട്ടി തോർത്ത് കരുനാഗപ്പള്ളിയുടെ മാത്രം ഉത്പന്നമായിരുന്നു. കൈത്തറി വ്യവസായത്തെ കൂടുതൽ പരിപോഷിപ്പിക്കാനാണ് 25 വർഷം മുമ്പ് പാലമൂട് കേന്ദ്രീകരിച്ച് ക്ലസ്റ്റർ തുടങ്ങിയത്. അന്ന് നൂറോളം തൊഴിലാളികൾ ഉണ്ടായിരുന്നു. ഇപ്പോൾ 25 ൽ താഴെയാണ് അംഗസംഖ്യ.