 
കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്ത് പരിധിയിൽ അറവുമാലിന്യം പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലുമാക്കി ദേശീയപാതയോരത്ത് വലിച്ചെറിയുന്നത് പതിവായി. പഞ്ചായത്ത് കാര്യാലയത്തിന്റെ സമീപം ദേശീയപാതയോരത്താണ് മാലിന്യം വലിയതോതിൽ വലിച്ചെറിയുന്നത്.
രാത്രിയുടെ മറവിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്. മാലിന്യം നിറച്ച കവറുകൾ വലിച്ചെറിയുമ്പോൾ ചിലത് നടുറോഡിലും വീഴാറുണ്ട്. അതിന് മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങി പ്രദേശമാകെ ദുർഗന്ധം പരക്കുന്നതും ഇവിടത്തെ ദുരിതക്കാഴ്ചയാണ്.
മാലിന്യം തിന്നാനെത്തുന്ന തെരുവുനായകളുടെ ശല്യവും രൂക്ഷമാണ്. മാലിന്യം കാക്കകൾ കൊത്തിയെടുത്ത് സമീപ വീടുകളിലെ കിണറ്റിലും വാട്ടർ ടാങ്കിലും കൊണ്ടിടുന്നതും സ്ഥിരം സംഭവമാണ്.
അനധികൃതമായി കശാപ്പുശാലകൾ നടത്തുന്നവർ അറവുമാലിന്യം യഥാവിധി സംസ്കരിക്കാത്തതാണ് വഴിയിടങ്ങളിൽ മാലിന്യം പെരുകാൻ കാരണമെന്ന്
ആക്ഷേപമുണ്ട്. പഞ്ചായത്ത് കാര്യാലയം മുതൽ ലിറ്റിൽ ഫ്ലവർ ആശുപത്രി വരെ ദേശീയപാതയോരത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും രാത്രിയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.