al
കല്ലടയാറ്റിൻ്റെ തീരപ്രദേശത്തെ വറ്റിവരണ്ട കിണ്ണറുകളിൽ ഒന്ന്

പുത്തൂർ: കല്ലടയാറിന്റെ തീരദേശങ്ങളിൽ കിണറുകൾ വറ്റിവരളുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വേനൽ ശക്തമാകും മുമ്പേ ജലക്ഷാമം രൂക്ഷമായി. കുളക്കട, ഏറത്തുകുളക്കട ഭാഗങ്ങളിൽ വലിയ തോതിൽ കിണറുകൾ വറ്റിക്കഴിഞ്ഞു. ഒരു മാസത്തിലേറെയായി മറ്റ് സ്ഥലങ്ങളിൽ നിന്ന് തലച്ചുമടായാണ് പലരും വെള്ളം എത്തിക്കുന്നത്. നിലിവിൽ വെള്ളം ഉള്ള കിണറുകളിൽ ഉടമയുടെ അനുവാദത്തോടെ പമ്പ് സെറ്റ് സ്ഥാപിച്ച് നീളമേറിയ കുഴലുകൾ വഴി ചിലർ അത്യാവശ്യത്തിന് ജലം ഉപയോഗിക്കുന്നു. ഇത് അധികകാലം നീളാൻ സാദ്ധ്യതയില്ല. എല്ലാക്കിണറുകളിലും ജലത്തിന്റെ അളവ് ദിനം പ്രതി കുറഞ്ഞുവരികയാണ്. നദിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിൽ എത്തിച്ച് ഉപയോഗിക്കുന്നവരും കുറവല്ല. ഏനാത്ത് പാലത്തിന് സമീപമുള്ള ഒരു വീട്ടിലെ കിണറ്റിൽ ആറ്റിൽ വെള്ളം കയറുമ്പോൾ മാത്രം വെള്ളം കിട്ടുന്ന അവസ്ഥയാണ്. കുളക്കടയിൽ മാത്രമല്ല താഴത്തുകുളക്കട , കുളക്കട കിഴക്ക് തെങ്ങാംപുഴ ഭാഗം, ആറ്റുവാശേരി, ഞാങ്കടവ്, താഴം, ചെറുപൊയ്ക, കരിമ്പിൻപുഴ ഭാഗങ്ങളിലും കിണറുകൾ വറ്റിവരണ്ടു തുടങ്ങിയിട്ടുണ്ട്. പ്രാദേശിക കുടിവെള്ള പദ്ധതികൾ പോലും എത്താത്ത ഭാഗങ്ങൾ തീരപ്രദേശങ്ങളിലുണ്ട്. വേനൽ കടുക്കുന്നതോടെ ഇവരുടെ അവസ്ഥ കൂടുതൽ ദുരിത പൂർണമാകും. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് തീരഭാഗങ്ങളിൽ കിണറുകൾ ഇടിഞ്ഞു താണ സംഭവങ്ങളും ഉണ്ടായി. പരാതിയും അപേക്ഷയുമെല്ലാം നൽകിയെങ്കിലും ഒരു സഹായവും ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.