കൊല്ലം: മൺറോത്തുരുത്ത് മുതിരപ്പറമ്പിൽ കല്ലടയാറിന്റെ സംരക്ഷ ഭിത്തി നിർമ്മിക്കാൻ ഇറക്കിയ കരിങ്കല്ലിന്റെ അളവെടുത്ത ശേഷം ഇവ മാറ്റാനുളള കരാറുകാരന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. പൊലീസെത്തി ജെ.സി.ബിയും കരിങ്കല്ല് കയറ്റിയ ടിപ്പറും പിടിച്ചെടുത്തു.
സംരക്ഷണ ഭിത്തി നിർമ്മിക്കാൻ ഇറക്കിയ കരിങ്കല്ല്, ഉദ്യോഗസ്ഥർ പരിശോധന നടത്തി അളവ് ഉറപ്പാക്കിയ ശേഷം ടിപ്പറിൽ കയറ്റി മറ്റൊരു പുരയിടത്തിലേക്ക് മാറ്റിയതാണ് പ്രശ്നമായത്. ഇതോടെ നാട്ടുകാർ സംഘടിച്ചെത്തി വാഹനം തടയുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. എന്നാൽ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം മറ്റൊന്നാണ്. സംരക്ഷണ ഭിത്തിയുടെ അടിഭാഗം വലിയ കല്ലുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ആദ്യം ഈകല്ലുകൾ കെട്ടി വന്നപ്പോൾ ചെറിയ കല്ലുകൾ സമീപ പറമ്പിലേക്ക് മാറ്റിയിടുകയായിരുന്നു. കരിങ്കല്ല് കടത്തിക്കൊണ്ടു പോവുകയാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ ബഹളം കൂട്ടുകയായിരുന്നു. വിവരമറിഞ്ഞ് ഉദ്യോഗസ്ഥരെത്തി കരിങ്കല്ല് കരാറുകാരനെ കൊണ്ട് ജോലി സ്ഥലത്തേക്ക് മാറ്റിയിടീക്കാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നുവെന്ന് ഇറിഗേഷൻ വകുപ്പ് അസി. എൻജിനീയർ പറഞ്ഞു.
നദീസംരക്ഷണത്തിന്റെ മറവിൽ നടക്കുന്ന നിർമ്മാണങ്ങളിൽ ക്രമക്കേട് വ്യാപകമാണ്. നിർമ്മാണ സാമഗ്രികൾ ഇറക്കി അളവെടുത്ത ശേഷം സ്വകാര്യ വ്യക്തികൾക്ക് മറിച്ചു വിൽക്കുന്നതും മറ്റ് സ്ഥലങ്ങളിലേക്കു കൊണ്ടു പോകുന്നതും പതിവാണ്. ഇവിടെയും ഇതിനുളള ശ്രമമാണ് നടന്നത്
നാട്ടുകാർ