കൊല്ലം: ഭൂമിയുടെ ഇനം മാറ്റിക്കിട്ടാനുള്ള അപേക്ഷയിൽ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ നാലുവർഷമായി വെട്ടിക്കവല കൃഷി ഓഫീസിൽ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥർ അനങ്ങുന്നില്ല.

കുണ്ടറ നെടുമ്പായിക്കുളം ചാന്ദിനിയിൽ കെ.എസ്. ശ്രീകലയെയാണ് ഉദ്യോഗസ്ഥർ അവഗണിക്കുന്നത്. ശ്രീകലയ്ക്കൊപ്പം നൽകിയ സഹോദരന്റെ അപേക്ഷ ഒരുവർഷത്തിനുള്ളിൽ ഇനം മാറ്റിക്കിട്ടി. പക്ഷെ ശ്രീകലയുടെ അപേക്ഷയിൽ ഉപേക്ഷ തുടരുകയാണ്.

ശ്രീകലയ്ക്കും രണ്ട് സഹോദരങ്ങൾക്കും കുടുംബ ഓഹരിയായി കിട്ടിയതാണ് വെട്ടിക്കവലയിലെ ഭൂമി. വായ്പയെടുക്കാനായി പരിശോധിച്ചപ്പോഴാണ് ഡേറ്റ ബാങ്കിൽ നിലമെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 40 വർഷത്തിലേറെ പഴക്കമുള്ള തെങ്ങ് ഈ ഭൂമിയിലുണ്ട്. കഴിഞ്ഞ 15 വർഷത്തിലേറെയായി റബർ കൃഷിയും നടക്കുന്നു. ഉദ്യോഗസ്ഥർ അബദ്ധത്തിൽ ഡേറ്റാ ബാങ്കിൽ ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടുത്തിയതാണെങ്കിലും നിലവിലെ നടപടിക്രമങ്ങൾ പാലിക്കാതെ ഇനം മാറ്റിക്കിട്ടില്ല.

2017ൽ പുനലൂർ ആർ.ഡി.ഒക്ക് ശ്രീകലയും സഹോദരങ്ങളും അപേക്ഷ നൽകി. സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വെട്ടിക്കവല കൃഷി ഓഫീസിലേക്ക് അപേക്ഷ കൈമാറി. ശ്രീകലയുടെ സഹോദരന്റെ അപേക്ഷ റിപ്പോർട്ട് സഹിതം ആർ.ഡി.ഒ ഓഫീസിലേക്ക് പോയി. അവിടെ നിന്ന് വില്ലേജ് ഓഫീസിലെത്തി. സ്ഥലപരിശോധന റിപ്പോർട്ട് സഹിതം വീണ്ടും ആർ.ഡി.ഒ ഓഫീസിലെത്തി. അങ്ങനെ ഒരു വർഷത്തിനകം റവന്യൂ രേഖകളിൽ ഭൂമിയുടെ ഇനം കരയെന്ന് തിരുത്തിക്കിട്ടി. എന്നാൽ ശ്രീകലയുടെ അപേക്ഷ വെട്ടിക്കവല പഞ്ചായത്ത് ഓഫീസിൽ ഓരേയിരുപ്പാണ്.

ശ്രീകലയുടെ അപേക്ഷ എത്തിയശേഷം രണ്ട് കൃഷി ഓഫീസർമാർ മാറിയെത്തി. ഇരുവരെയും നേരിൽ കണ്ട് പലതവണ അഭ്യർത്ഥിച്ചു. കൃഷി വകുപ്പ് അസി. ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്കും പരാതി നൽകി. പക്ഷെ യാതൊരു ഫലവുമുണ്ടായില്ല. പത്തുദിവസം മുമ്പ് രണ്ടാമത്ത കൃഷി ഓഫീസറും സ്ഥലം മാറിപ്പോയി. ഇപ്പോൾ ഉമ്മന്നൂർ കൃഷി ഓഫീസർക്കാണ് വെട്ടിക്കവലയിൽ അധിക ചുമതല. പൂർണ ചുമതലയുള്ള ഉദ്യോഗസ്ഥർ കാട്ടിയ ക്രൂരത താത്കാലികചുമതലക്കാരി കാട്ടില്ലെന്ന പ്രതീക്ഷയിൽ ശ്രീകല വീണ്ടും ഓഫീസ് കയറിയിറങ്ങുകയാണ്.