 
തഴവ: ലഹരി കടത്തുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ നാലുപേർ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ഓച്ചിറ ക്ലാപ്പന വരവിള തറയിൽ തെക്കതിൽ ഇജാസ് (32), ഓച്ചിറ പായിക്കുഴി മോടൂർ തറയിൽ പ്യാരി, കുലശേഖരപുരം കടത്തൂർ തറയിൽ പടീറ്റതിൽ മുജീബ്(47), കരുനാഗപ്പള്ളി അയണിവേലികുളങ്ങര കോഴിക്കോട് പറമ്പിൽ വീട്ടിൽ ദീപു എന്ന രാജേഷ് (38) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 31ന് രാത്രിയിൽ കാറിൽ ഒമ്പത് ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ടുവരികയായിരുന്ന ഇജാസും പ്യാരിയും പൊലീസിനെ കണ്ടതിനെ തുടർന്ന് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കയംകുളത്തെ ഒരു ലോഡ്ജിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
നിരവധി മയക്കുമരുന്ന് കടത്ത്, കൊലപാതക കേസുകളിലെ പ്രതിയാണ് ഇജാസെന്നും കുലശേഖരപുരം കടത്തുർ മണ്ണടിശ്ശേരി ജംഗ്ഷൻ കേന്ദ്രീകരിച്ച് എം.ഡി.എം.എ വിതരണം ചെയ്ത് വരികയായിരുന്ന മുജീബിന്റെ കൈയിൽ നിന്ന് ഏഴുഗ്രാമും രാജേഷിന്റെ കൈയിൽ നിന്ന് അഞ്ച് ഗ്രാമും എം.ഡി.എം.എ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
കൊല്ലം ജില്ലാപൊലീസ് മേധാവി ടി.നാരായണന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പക്ടർ ജി.ഗോപകുമാർ, എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, എ.എസ്.ഐ നന്ദകുമാർ, ശ്രീകുമാർ, എസ്.സി.പി.ഒ രാജീവ്കുമാർ, സി.പി.ഒ ശ്രീജിത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.