കാെട്ടാരക്കര: കൊട്ടാരക്കര നഗരസഭ പരിധിയിലും പരിസര പ്രദേശങ്ങളിലും നടന്നുവരുന്ന അനധികൃത നിലംനികത്തലും കുന്നിടിയ്ക്കലും തടയണമെന്ന് സി.പി.ഐ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന നിലംനികത്തൽ തടയണമെന്ന ലക്ഷ്യത്തോടെ മുൻപ് മുല്ലക്കര രത്നാകരൻ കൃഷിമന്ത്രി ആയിരുന്ന വേളയിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടുവന്നിരുന്നു. എന്നാൽ പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ ഈ ഡേറ്റാ ബാങ്ക് അസ്ഥിരപ്പെടുത്തുകയും അനുബന്ധ നടപടികൾ മരവിപ്പിക്കുകയും ചെയ്തു. ഡേറ്റാ ബാങ്കിൽ വ്യാപകമായ ക്രമക്കേടുകൾ നടത്തിയതിന്റെ ഫലമായിട്ടാണ് നിലം നികത്തൽ പിന്നീട് വ്യാപകമായത്. ഡ‌േറ്റ ബാങ്കിൽ ഉൾപ്പെടാത്ത നെൽവയലുകൾ നികത്തുന്ന പ്രവണത കൂടിവരികയാണ്. ഇതിന് തടയിടുകയും ഡേറ്റാ ബാങ്ക് പുനർ നിർണയിക്കുകയും വേണം. ഡേറ്റ ബാങ്കിൽ നിന്നും ഒഴിവാക്കാനായി ലഭിക്കുന്ന അപേക്ഷകളിൽ കൃത്യമായ സ്ഥല പരിശോധന ഉറപ്പാക്കണം. കൊട്ടാരക്കരയിലെ നിലം നികത്തൽ പ്രശ്നങ്ങളിൽ കൊട്ടാരക്കര നഗരസഭ ചെയർമാന്റെ നിലപാടുകളിൽ സി.പി.ഐയ്ക്ക് പ്രതിഷേധമുണ്ട്. ഇത് ഇടത് മുന്നണി യോഗത്തിൽ ചോദ്യം ചെയ്യും. കുലശേഖരനല്ലൂർ ഏലായിലെ നിലം നികത്തൽ നടന്നിട്ടുള്ളത് ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ്. ഇവിടെ നഗരസഭ ചെയർമാന്റെ പാർട്ടിയിൽപ്പെട്ട കൗൺസിലറാണുള്ളത്. നഗരസഭ അനധികൃതമായി നൽകുന്ന ഡെവലപ്മെന്റ് പെർമിറ്റ് ഉപയോഗിച്ചാണ് മിക്കയിടങ്ങളിലും ജിയോളജി വകുപ്പ് പാസ് നൽകുന്നത്. ഇക്കാര്യത്തിൽ നഗരസഭ ചെയർമാന്റെ ഇടപെടലുകൾ അന്വേഷിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. കുന്ന് ഇടിയ്ക്കലും നിലം നികത്തലും തുടർന്നാൽ ശക്തമായ സമര പരിപാടികളുമായി സി.പി.ഐ രംഗത്തിറങ്ങുമെന്നും മണ്ഡലം സെക്രട്ടറി എ.എസ്.ഷാജി, ജില്ലാ കമ്മിറ്റി അംഗം ഡി.രാമകൃഷ്ണ പിള്ള, കെ. ഉണ്ണിക്കൃഷ്ണ മേനോൻ, എം.സുരേന്ദ്രൻ, ഗോപാലകൃഷ്ണ പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.