photo
കോട്ടാത്തല തേവർ ചിറയുടെ നവീകരണ പദ്ധതികൾ തടസപ്പെട്ട നിലയിൽ

കൊല്ലം: അവകാശ തർക്കത്തിൽ ആടിയുലഞ്ഞ് കോട്ടാത്തല തേവർചിറയുടെ സംരക്ഷണ പദ്ധതികൾ. നവീകരണ പ്രവർത്തനങ്ങൾ നിറുത്തിവച്ചു. ജില്ലാ പഞ്ചായത്തിൽ നിന്ന് ആദ്യഘട്ടമായി അനുവദിച്ച 15 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നിറുത്തി വയ്ക്കേണ്ടി വന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരാതിയിൽ റവന്യൂ അധികൃതരാണ് നിർമ്മാണം തടഞ്ഞത്. ചിറയുടെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിനാണെന്നും സർക്കാർ വകയാണെന്നുമാണ് അവകാശ വാദങ്ങൾ. എന്നാൽ സ്ഥിരമായ അവകാശ രേഖകൾ ആർക്കും ഹാജരാക്കാൻ കഴിയുന്നുമില്ല. അവകാശം ആർക്കാണെങ്കിലും ചിറയുടെ നവീകരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചരിത്രത്തിന്റെ ശേഷിപ്പ്

കോട്ടാത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെയും തണ്ണീർ പന്തൽ ദേവീക്ഷേത്രത്തിന്റെയും ഇടഭാഗത്തായിട്ടാണ് ചിറ സ്ഥിതി ചെയ്യുന്നത്. രാജഭരണ കാലത്ത് കൊട്ടാരക്കര ഇളയടത്ത് സ്വരൂപം ഈ ചിറയിൽ മുങ്ങിക്കുളിച്ച ശേഷമാണ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിയിരുന്നത്. പ്രസിദ്ധമായ കടലാമന മഠം വകയായിരുന്നു ക്ഷേത്രവും ചിറയും. മഠത്തിലെ കാരണവരായിരുന്ന നമ്പൂതിരി ശ്രീകൃഷ്ണ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിനും ചിറ സർക്കാരിനും എഴുതി നൽകുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. 2010ൽ ചിറയുടെ അതിർത്തി ഭൂമി കയ്യേറുന്നതുമായി ബന്ധപ്പെട്ട തർക്കമുണ്ടായപ്പോൾ ദേവസ്വം തഹസീൽദാരെത്തി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ അപ്പോഴും ചിറയുടെ അവകാശത്തർക്കം നിലനിന്നിരുന്നു,

കാർഷിക ആവശ്യങ്ങൾക്കും ഗുണകരം

തേവർ ചിറയിൽ നിന്നുള്ള വെള്ളം കോട്ടാത്തല, പണയിൽ, പാവക്കാട്ട്, പറമ്പിൽ ഏലാകളിലെ കൃഷിയ്ക്ക് ഗുണകരമായിരുന്നു. വേനൽക്കാലത്ത് വെള്ളം ഒഴുക്കിവിടാൻ ചെറു കനാൽ നിർമ്മിച്ചിരുന്നു. കുളിക്കാനും അലക്കാനുമൊക്കെയായി നാട്ടുകാർക്കും അനുഗ്രഹമായിരുന്ന ചിറ പിന്നീട് നശിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ചിറ നവീകരണത്തിന് പദ്ധതി തയ്യാറാക്കിയെങ്കിലും ചിറ കീറി വെള്ളം വറ്റിച്ചതോടെ പാതിവഴിയിൽ ഉപേക്ഷിച്ചു. ചിറ നവീകരണത്തിനുള്ള തടസങ്ങൾ നീക്കണമെന്നും ചിറ നവീകരിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടാത്തലയിലെ സി.പി.എം നേതാക്കൾ കഴിഞ്ഞ ദിവസം മന്ത്രി കെ.എൻ.ബാലഗോപാലിനെ സന്ദർശിച്ചു.