കൊല്ലം: ചിതറ ഗ്രാമ പഞ്ചായത്തിലെ മാങ്കോട് വാർഡംഗം അമ്മൂട്ടി മോഹനന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കിയെന്ന വിധത്തിൽ, വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി പ്രസ്താവനയിൽ പറഞ്ഞു.
2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് അമ്മൂട്ടി മോഹനനോട് മനോജ് കുമാർ പരാജയപ്പെട്ടത്. വോട്ടർപട്ടികയിൽ മാങ്കോട് വാർഡിൽ മാത്രമാണ് അമ്മൂട്ടി മോഹനന് വോട്ടുള്ളത്. ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന എതൊരാൾക്കും ഏതു വാർഡിലും മത്സരിക്കാൻ അവകാശമുണ്ടെന്നിരിക്കെ വോട്ടർ പട്ടികയിലെ സ്ഥാനമാറ്റത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപണം തെറ്റാണ്.
അമ്മൂട്ടി മോഹനൻ 87 വോട്ടിന് വിജയിച്ചതോടെ നിരവധി വ്യാജപരാതികൾ നൽകി കേസുകൾ സൃഷ്ടിക്കാനും മാദ്ധ്യമങ്ങളിലൂടെ അവയ്ക്ക് പ്രചാരണം നൽകാനുമാണ് ബി.ജെ.പി പ്രവർത്തകർ ശ്രമിക്കുന്നത്. വികസന ക്ഷേമ പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കാനും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും നടത്തുന്ന ആസൂത്രിത നീക്കങ്ങളെ തള്ളിക്കളയണമെന്നും എം.എസ്. മുരളി പറഞ്ഞു.