 
തൊടിയൂർ: നീറ്റ് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയ തൊടിയൂർ മുഴങ്ങോടി കുറ്റിയിൽ വീട്ടിൽ ശ്രീലക്ഷ്മി നാടിന് അഭിമാനമായി. പരിമിതമായ സാഹചര്യത്തിൽ ജനിച്ച് വളർന്ന ശ്രീലക്ഷ്മി, കഠിന പരിശ്രമം കൊണ്ടുമാത്രമാണ്
മികച്ച വിജയം നേടിയത്. തൊടിയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് അംഗവും ആശാവർക്കറുമായ സുനിതയുടെയും ക്ഷേത്ര പൂജാരിയായ ഉണ്ണിയുടെയും മകളാണ്. പ്ലസ് വൺ വിദ്യാർത്ഥിയായ ശ്രീഷ്മ സഹോദരിയാണ്. മുഴങ്ങോടി കുറ്റിയിൽ വീട്ടിലാണ് സുനിതയും കുടുംബവും താമസം.