ഓച്ചിറ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി മൃതാവസ്ഥയിൽ
കരുനാഗപ്പള്ളി: കേര കർഷകരെ സഹായിക്കാൻ ഏഴു വർഷം മുമ്പ് കൃഷി വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കിയ കേരഗ്രാമം പദ്ധതി കരുനാഗപ്പള്ളിയിൽ ഊർദ്ദശ്വാസം വലിക്കുന്നു. ഒരു വർഷം ഒരു അസംബ്ളി മണ്ഡലത്തിലെ ഒരു ഗ്രാമപഞ്ചായത്ത് എന്ന നിലയിലാണ് കൃഷി വകുപ്പ് പദ്ധതി നടപ്പിലാക്കിവരുന്നത്.
നാളീകേര ഉത്പാദനം വർദ്ധിപ്പിക്കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുക, പഞ്ചയത്തുതലത്തിൽ മൂല്യ വർദ്ധിത സംരംഭങ്ങൾ ആരംഭിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കൃഷി വകുപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
2014 ൽ കുലശേഖരപുരം ഗ്രാമപഞ്ചായത്തിലായിരുന്നു പദ്ധതിയുടെ തുടക്കം. തുടർന്ന് ആലപ്പാട്, തൊടിയൂർ, തഴവാ എന്നീ പഞ്ചായത്തികളിലും പദ്ധതി വിജയകരമായി പൂർത്തിയാക്കി.
നടപ്പ് സാമ്പത്തിക വർഷം കരുനാഗപ്പള്ളി മണ്ഡലത്തിലെ ഓച്ചിറ ഗ്രാമപഞ്ചായത്തിനെയാണ് പദ്ധതിക്കായി കൃഷിവകുപ്പ് തിരഞ്ഞടുത്തത്.
50 ലക്ഷം രൂപയാണ് ആദ്യ വർഷം നീക്കി വച്ചിരിക്കുന്നത്. പദ്ധതി തുടരുന്ന രണ്ടാം വർഷവും 50 ലക്ഷം നൽകും.
പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച് ആറ് മാസം കഴിഞ്ഞതോടെ
വാർഡുതല സമിതികൾ രൂപീകരിക്കുകയും അതിലെ ഭാരവാഹികളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംഗവുമായി പഞ്ചായത്ത് സമിതികൾ രൂപീകരിക്കുകയും ചെയ്തു. എന്നാൽ, ഈ ഘട്ടമെല്ലാം പിന്നിട്ട് മാസങ്ങൾ പലത് കഴിഞ്ഞിട്ടും തെങ്ങുകളുടെ സർവേ നാളിതുവരെ നടന്നിട്ടില്ല.
കണക്കെടുപ്പ്
തുടങ്ങിയില്ല
ഓച്ചിറ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളിലായി 43,000 ത്തോളം തെങ്ങുകൾ ഉണ്ടെന്നാണ് അനൗദ്യാഗിക കണക്ക്. എന്നാൽ, കേരഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച പഞ്ചായത്തുതല സമിതി വീട് വീടാന്തരം കയറിയിറങ്ങി കണക്കെടുത്താൽ മാത്രമേ തെങ്ങുകളുടെ എണ്ണം കൃത്യമായി അറിയാൻ കഴിയൂ. പരിചരണം വേണ്ടത്, മുറിച്ച് മാറ്റേണ്ടത്, തടമെടുത്ത് വളം ഇടേണ്ടത് എന്നിങ്ങനെ തെങ്ങുകളെ തരം തിരിക്കേണ്ടതുണ്ട്. എന്നാൽ, ഇതൊന്നും ഓച്ചിറയിൽ ഇനിയും ആരംഭിച്ചിട്ടില്ല.
ഫണ്ട് പാഴാകാൻ
മാസങ്ങൾ മാത്രം
ഈ സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം മാത്രമാണ് ശേഷിക്കുന്നത്. അതിന് മുമ്പ് പണം പൂർണ്ണമായി വിനിയോഗിച്ചില്ലെങ്കിൽ ഫണ്ട് പാഴാകും. മാത്രമല്ല, ഗ്രാമപഞ്ചായത്തിനെ രണ്ടാം വർഷം പദ്ധതിയിൽ നിന്ന്
ഒഴിവാക്കുകയും ചെയ്യും. ഇതിലൂടെ കേരകർഷകരെ സഹായിക്കുകയെന്ന പദ്ധതി ലക്ഷ്യത്തിലെത്താൻ സാധിക്കാതെ വരും. അതിനാൽ
യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിക്കണമെന്നതാണ് കേരകർഷകരുടെ ആവശ്യം.