ochira

 സ്ഥാനി വിഭാഗക്കാരുടെ പേരിൽ നായർ സമുദായത്തിന് 4 അധിക പ്രതിനിധികൾ

കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്ന് തുടച്ചനീക്കപ്പെട്ട സവർണാധിപത്യം ബൈലോ ഭേദഗതിയിലൂടെ വീണ്ടും കൊണ്ടുവരാൻ ശ്രമം. ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ തയ്യാറാക്കിയ കരട് ബൈലോയിൽ സ്ഥാനി വിഭാഗത്തിൽ നിന്ന് നാലുപേർക്ക് ക്ഷേത്ര പൊതുഭരണസമിതിയിൽ പ്രത്യേക പ്രാതിനിദ്ധ്യം ഏർപ്പെടുത്തി നായർ വിഭാഗത്തിന് മേൽക്കോയ്മ സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഈ കരട് ബൈലോ അംഗീകരിച്ചാൽ ക്ഷേത്ര ഭരണത്തിൽ ഈഴവ, നായർ വിഭാഗങ്ങൾക്ക് ഇപ്പോഴുള്ള തുല്യ പങ്കാളിത്തം അട്ടിമറിക്കപ്പെടും.

52 കരകളിലെ വിവിധ ഹിന്ദുസമുദായാംഗങ്ങൾ അടങ്ങിയ പൊതുസമിതി, ഈ പൊതുസമിതിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ അടങ്ങിയ പൊതുഭരണസമിതി, പൊതുഭരണസമിതിയിൽ നിന്ന് തിര‌ഞ്ഞെടുക്കപ്പെടുന്ന പ്രവർത്തക സമിതി, പ്രവർത്തക സമിതി അംഗങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യനിർവഹണ സമിതി എന്നിങ്ങനെയാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ നിലവിലെ ഭരണസംവിധാനം.

52 കരകളിലെ ആകെ ജനസംഖ്യയിൽ ഈഴവർക്ക് മൃഗീയാധിപത്യമാണുള്ളത്. അതുകൊണ്ട് തന്നെ പൊതുസമിതി അംഗങ്ങളിൽ 66 ശതമാനത്തോളം ഈഴവരാണ്. പൊതുസമിതി അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പൊതുഭരണസമിതി അംഗങ്ങളിൽ കൂടുതലും ഈഴവ സമുദായക്കാരാണ്. എന്നാൽ നിലവിലെ ബൈലോ പ്രവർത്തക സമിതിയിൽ ഈഴവ- 40 %, നായർ- 40, ധീവര-10, ഇതര ഹിന്ദു സമുദായങ്ങൾക്ക്- 10 എന്നിങ്ങനെ പ്രാതിനിദ്ധ്യം നിജപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊതുഭരണസമിതിയിൽ ഭൂരിപക്ഷമുണ്ടെങ്കിലും പ്രവർത്തകസമിതിയിലേക്ക് വരുമ്പോൾ ഈഴവ പ്രാതിനിദ്ധ്യം ചുരുക്കപ്പെടും. എങ്കിലും തുല്യ പങ്കാളിത്തം എന്ന ആശ്വാസം ഉണ്ടായിരുന്നു. എന്നാൽ നായർ മേൽക്കോയ്മ ഉയർത്തുന്ന തരത്തിലാണ് പുതിയ കരട് ബൈലോ.

ഇതര സമുദായങ്ങളെ വെട്ടിനിറത്തി പുതിയ പരിഷ്കാരം

1. നിലവിലെ ബൈലോയിൽ പ്രവർത്തക സമിതിയിൽ ഏർപ്പെടുത്തിയിരുന്ന നിജപ്പെടുത്തൽ, പുതിയ കരട് ബൈലോയിൽ പൊതുഭരണസമിതിയിലേക്ക് മാറ്റി

2. ഇപ്പോഴത്തെ പൊതുഭരണസമിതിയിൽ 272 അംഗങ്ങൾ

3. പുതിയ കരട് ബൈലോ പ്രകാരം ഇത് 164 ആയി ചുരുക്കി

4. ഇതിൽ നാലുപേർ നാല് സ്ഥാനി കുടുംബങ്ങളിൽ നിന്നുള്ള പ്രതിനിധികളായിരിക്കണമെന്ന് നിർബന്ധിത വ്യവസ്ഥ

5. പിന്നീടുള്ള 160 അംഗങ്ങളിൽ 40 ശതമാനം വീതം ഈഴവ, നായർ വിഭാഗങ്ങൾക്കും ബാക്കി 10 ശതമാനം വീതം ധീവര സമുദായത്തിനും ഇതരഹിന്ദുസമുദായങ്ങൾക്കും

6. ഇതോടെ പൊതുഭരണസമിതിയിൽ നായർ വിഭാഗക്കാരുടെ എണ്ണം 64 ആകും

7. ഈഴവരുടെ എണ്ണം 60 ആയി ചുരുങ്ങും

8. ധീവര സമുദായക്കാരുടെയും മറ്റ് ഇതര ഹിന്ദുസമുദായക്കാരുടെയും പ്രാതിനിദ്ധ്യത്തിലും സമാനമായ കുറവുണ്ടാകും

അടിസ്ഥാനമില്ലാത്ത പരിഷ്കാരം

വിശ്വാസികളിൽ കൂടുതൽ വരുന്ന ഈഴവർക്കും മറ്റ് പിന്നാക്ക ഹിന്ദുസമുദായങ്ങൾക്കും ക്ഷേത്രഭരണത്തിൽ പ്രാതിനിദ്ധ്യം ലഭിക്കാനാണ് അര നൂറ്റാണ്ട് മുമ്പ് നിലവിൽ വന്ന നിലവിലെ ബൈലോ പ്രവർത്തക സമിതിയിൽ സംവരണം ഏർപ്പെടുത്തിയത്. മാറ്റിനിറുത്തൽ, ജാതിയുടെ പേരിലായിരുന്നതിനാൽ ജാതി അടിസ്ഥാനമാക്കിയായിരുന്നു സംവരണം. എന്നാൽ നായർ വിഭാഗത്തിലെ ചെറു ന്യൂനപക്ഷമായ സ്ഥാനി വിഭാഗത്തിന് പൊതുസമിതിയിൽ നാല് അംഗങ്ങളെ പ്രത്യേക സംവരണം ചെയ്തതിന്റെ അടിസ്ഥാനം വ്യക്തമല്ല.

ഈഴവർക്ക് രക്ഷാധികാരി സ്ഥാനം നഷ്ടമാകും

പൊതുഭരണസമിതി അംഗങ്ങളിൽ നിന്ന് നേരിട്ടാണ് ക്ഷേത്ര രക്ഷാധികാരിയെ തിരഞ്ഞെടുക്കുന്നത്. നിലവിൽ പൊതുഭരണസമിതിയിൽ 36 ഈഴവർ കൂടുതലാണ്. അതുകൊണ്ട് തന്നെ ഈഴവ വിഭാഗത്തിൽ നിന്നുള്ളയാൾ തന്നെ കാലങ്ങളായി രക്ഷാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടുവരികയാണ്. പുതിയ കരട് ബൈലോ അംഗീകരിക്കപ്പെട്ടാൽ പൊതുഭരണസമിതിയിൽ നായർ പ്രാതിനിദ്ധ്യം ഉയരും. ഇതോടെ രക്ഷാധികാരി സ്ഥാനം ഈഴവ സമുദായത്തിന് നഷ്ടമാകും.