canal
പിറവന്തൂർ ഭാഗത്ത് കാടുമൂടിയ സബ് കനാൽ

പത്തനാപുരം : വേനൽ തുടങ്ങിപ്പോൾ തന്നെ പത്തനാപുരം , പിറവന്തൂർ പഞ്ചായത്തുകൾ വറ്റിവരണ്ട് തുടങ്ങി. വേനലിനെ ചെറുക്കാൻ സഹായിക്കുന്ന കെ.ഐ.പി. വലതുകര കനാലിന്റെ സബ് കനാലുകളിൽ വെള്ളം തുറന്ന് വിടാത്തതാണ് ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നത്. വേനൽ കാലത്ത് ചേകം ഡിസ്ട്രിബ്യൂട്ടറിയടക്കമുള്ള സബ് കനാലുകളിൽനിന്ന് ലഭിച്ചിരുന്ന വെള്ളം ഉപയോഗിച്ചാണ് പിറവന്തൂർ, പത്തനാപുരം പഞ്ചായത്തിലെ പള്ളിമുക്ക് ,നീലിക്കോണം, പാതിരിക്കൽ,ഇടത്തറ, നെടുംപറമ്പ് , നടുക്കുന്ന് , മഞ്ചള്ളൂർ,ആനക്കുളം, പുന്നല, അലിമുക്ക്, ചീവോട് പൂവണ്ണമ്മൂട്,പിറവന്തൂർ ,തച്ചക്കുളം, അഞ്ചു പറപ്പടി, അത്തിക്കൽ ഏലയ്ക്ക, വാഴത്തോപ്പ് പുത്തൻകട ,ഭുതത്താൻ നട, നാരങ്ങാപ്പുറം, ചേകം,ചെന്നില മൺ, എലിക്കാട്ടൂർ തുടങ്ങിയ പ്രദേശങ്ങൾ ദാഹമകറ്റിയിരുന്നത്.

വിളകൾ കരിഞ്ഞു, മീനുകൾ ചത്തുപൊങ്ങി

കുടിവെള്ളം മാത്രമല്ല, കൃഷിക്കോ മറ്റ് ആവശ്യങ്ങൾക്കോ ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ്. വലതു കര പ്രധാന കനാൽ വഴി വെള്ളം തുറന്ന് വിട്ടിട്ടുണ്ട്.എല്ലാവർഷവും ജനുവരി മാസത്തിൽ തന്നെ സബ് കനാലുകൾ തുറന്നു വെള്ളമെത്തിക്കുന്നത് കർഷകർക്ക് വലിയ ഉപകകാരമായിരുന്നു. ചെറിയ വേനലിൽ പോലും വീടുകളിലെ കിണറുകൾ വറ്റി കുടി വെള്ളക്ഷാമം അതി രൂക്ഷമാണ്. കനാലുകളിൽ വെള്ളം എത്തിയാൽ കിണറുകളിൽ ഊറ്റ് ഇറങ്ങിയേനെ. വെള്ളം ഇല്ലാതെ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതും മത്സ്യക്കുളങ്ങളിലെ മീനുകൾ ചത്തുപൊങ്ങുന്നതും ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കനാലുകൾ വൃത്തിയാക്കിയില്ല

കനാലുകളിൽ പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണ്ണും ചപ്പുചവറുകളും വളർന്നു നില്ക്കുന്ന കാടുകളും ഇതുവരെ നീക്കം ചെയ്തിട്ടില്ല.

മുൻ വർഷങ്ങളിലെ പോലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ടു കനാലുകൾ വൃത്തിയാക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നല്കിയിരുന്നതെന്ന് കെ .ഐ .പി .അധികൃതർ പറയുന്നു. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ല. മെയിൻ കനാലിലും വൃത്തിയാക്കാതെയാണ് വെള്ളം തുറന്നു വിട്ടിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

വേനൽക്കാലത്ത് കർഷകർക്ക് ആശ്വാസമാകുന്നത് സബ് കനാലുകളാണ്. ഉടൻ സബ്കനാലിൽ വെള്ളം തുറന്ന് വിടാൻ നടപടി ഉണ്ടാകണം.

ചേത്തടി ശശി (കർഷകൻ, പൊതുപ്രവർത്തകൻ)

കനാലുകൾ അറ്റകുറ്റപ്പണികൾ നടത്തി ശുചീകരിക്കാൻ നടപടി വേണം.

ഹുനൈസ് പി. എം. ബി.സാഹിബ് ( യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്)