കരുനാഗപ്പള്ളി : സുനാമി ദുരിതബാധിതരുടെ പുനരധിവാസത്തിനായി കരുനാഗപ്പള്ളി നഗരസഭാ പരിധിയിലും കുലശേഖരപുരം,​ ക്ലാപ്പന ഗ്രാമ പഞ്ചായത്തുകളിലുമായി നിർമ്മിച്ച സുനാമി കോളനികൾ ശോച്യാവസ്ഥയിൽ.

44 പുനരധിവാസ കോളനികളാണ് മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ചുനൽകിയത്. എന്നാൽ,​ ഇവിടത്തെ വീടുകളിൽ അധികവും ജീർണ്ണിച്ച് വാസയോഗ്യമല്ലാതായി. ആയിരത്തോളം വീടുകൾ ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. മരണഭയത്തോടെയാണ് മത്സ്യത്തൊഴിലാളികൾ ഇവിടെ കഴിയുന്നത്. കോളനിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പലതവണ നിവേദനം നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് ശാലിനി രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സതീഷ് തേവനത്ത്, മിനി അമ്പാടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ചിറക്കൽ ശ്രീഹരി, സാബു കടവത്ത് എന്നിവർ സംസാരിച്ചു.