
കൊല്ലം: വീട്ടിലെത്തി രോഗികൾക്ക് ഡയാലിസ് സൗകര്യം ഒരുക്കുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ജില്ലയിലും ശക്തമാക്കുന്നു. വൃക്ക രോഗികളുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
സർക്കാർ മേഖലയിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ മാത്രം ഏകദേശം 250ഓളം രോഗികളിലായി പ്രതിമാസം ആയിരത്തിന് മുകളിൽ ഡയാലിസിസുകളാണ് നടത്തുന്നത്. ഹൃദ്രോഗികൾക്കും ആശുപത്രിയിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്കുമാണ് വീട്ടിലെ ഡയാലിസിസ് പദ്ധതിയിൽ പ്രഥമപരിഗണന. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളിൽ മാത്രം ചെയ്യാൻ കഴിയുന്ന രീതിയുമാണ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ എത്തേണ്ടിവരുന്ന സാഹചര്യവും പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി പ്രകാരം ഒഴിവാക്കാൻ കഴിയും. ഹീമോ ഡയാലിസിസ്, പെരിറ്റോണിയൽ ഡയാലിസിസ് എന്നിങ്ങനെ രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോ ഡയാലിസിസ്. എന്നാൽ പെരിറ്റോണിയൽ ഡയാലിസിസ് രോഗിയുടെ ഉദരത്തിൽ സുഷിരമുണ്ടാക്കി കത്തീറ്റർ സ്ഥാപിച്ചാണ് ഡയാലിസിസ് നടത്തുന്നത്.
പെരിറ്റോണിയൽ ഡയാലിസിസ് ഇങ്ങനെ
1. ഉദരത്തിൽ സുഷിരമുണ്ടാക്കി കത്തീറ്റർ സ്ഥാപിക്കും
2. കത്തീറ്ററിലൂടെ ഉദരത്തിനുള്ളിൽ (പെരിറ്റോണിയം) പെരിറ്റോണിയൽ ഡയാലിസിസ് ദ്റാവകം നിറയ്ക്കും
3. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ചാൽ പിന്നീട് രോഗിക്ക് വീട്ടിൽവച്ചു തന്നെ ഡയാലിസിസ് ദ്റാവകം കത്തീറ്ററിലൂടെ പെരിറ്റോണിയത്തിൽ നിറയ്ക്കാൻ സാധിക്കും
4. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങൾ പെരിറ്റോണിയൽ ദ്റാവകത്തിലേക്ക് വലിച്ചെടുക്കപ്പെടുകയും ദ്റാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യും
5. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ആവർത്തിക്കേണ്ടി വരും
6. ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രികളിൽ നിന്ന് സൗജന്യമായി നൽകും
സമയ ദൈർഘ്യം: 01 മണിക്കൂർ
ആദ്യ ഡയാലിസിസ് ആശുപത്രിയിൽ
നെഫ്രോളജിസ്റ്റുകളുള്ള ആശുപത്രികളിലാണ് കത്തീറ്റർ നിക്ഷേപിപ്പിക്കുന്നതും പെരിറ്റോണിയൽ ഡയാലിസിസ് ആരംഭിക്കുന്നതും. പിന്നീട് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആരോഗ്യവകുപ്പ് പരിശീലനവും ബോധവത്കരണവും നടത്തും. ഒരിക്കൽ കത്തീറ്റർ നിക്ഷേപിച്ചാൽ ഡയാലിസിസ് നടത്താൻ രോഗിക്ക് പിന്നീട് ആശുപത്രിയിലെത്തേണ്ട.
''
പെരിറ്റോണിയൽ ഡയാലിസിസ് സുരക്ഷിതവും ചെലവ് കുറവുമുള്ള രീതിയാണ്. ഇവ വ്യാപിപ്പിക്കുന്നതിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബോധവത്കരണം നടത്തും.
ആരോഗ്യവകുപ്പ് അധികൃതർ