 
ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള മഹാത്മാക്കളുടെ മനസിൽ ഉരുത്തിരിഞ്ഞ, പ്രപഞ്ച സൃഷ്ടിയെന്ന യാഥാർത്ഥ്യത്തിന്റെ അണിയറ രഹസ്യങ്ങൾ ചുരുളഴിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് യൂറോപ്പിലെ 'സേൺ' പരീക്ഷണശാലയിൽ ശാസ്ത്രസമൂഹം.
ഒട്ടനവധി പുതിയ അണുകണികകൾ ഇവിടെ അടുത്തിടെ കണ്ടുപിടിക്കുകയും ചെയ്തു. എന്നാൽ നിലവിൽ ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള ഏത് കണികാ പട്ടികയിൽ അവയെ ഉൾപ്പെടുത്തണം എന്നറിയാതെ പരിഭ്രമിക്കുകയാണ് ശാസ്ത്രജ്ഞർ. കാരണം, നിലവിലുള്ള ഭാതികശാസ്ത്രത്തിനും ഗണിതശാസ്ത്രത്തിനും ആ കണികകളെ വേർതിരിച്ചറിയാൻ കഴിയുന്നില്ല!
ഇതിനായി പുതിയ ശാസ്ത്ര തത്വങ്ങൾ തന്നെ പിറവിയെടുക്കണം. പുതിയ കണികകളെ മനസിലാക്കാൻ നിലവിലുള്ള കമ്പ്യൂട്ടറുകൾക്ക് വേഗം പോരാ എന്നതിനാൽ ക്വാണ്ടം കമ്പ്യൂട്ടറുകൾ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സേണിലെ ശാസ്ത്രജ്ഞർ.
ശാസ്ത്രലോകത്ത് അനുദിനമുണ്ടാവുന്ന മാറ്റങ്ങളും കണ്ടുപിടിത്തങ്ങളും അനവധിയാണ്. പ്ലഗ്ഗും വയറുമില്ലാതെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ചാർജ് ചെയ്യാനാവുമോ? ആഗോളതാപന പ്രതിസന്ധിയെ എങ്ങനെ ലോകം തരണം ചെയ്യും? ഏറ്റവും വേഗമേറിയ ക്വാണ്ടം കമ്പ്യൂട്ടറുകളുടെ വിവരങ്ങൾ തുടങ്ങിയ കൗതുകകരവും അറിഞ്ഞിരിക്കേണ്ടതുമായ ശാസ്ത്ര നുറുങ്ങുകൾ വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകാനാണ് 'ശാസ്ത്രവീഥി' എന്ന ഈ പംക്തി ആരംഭിക്കുന്നത്. ഇനിയുള്ള എല്ലാ ഞായറാഴ്ചകളിലും പുതിയ അറിവുകളുമായി നമുക്ക് കണ്ടുമുട്ടാം.
ഡോ. വിവേകാനന്ദൻ പി.കടവൂർ
റിട്ട. ഫിസിക്സ് പ്രൊഫസർ, എസ്.എൻ കോളേജ്, കൊല്ലം