കൊട്ടാരക്കര : ചന്തമുക്കിലെ മുൻസിപ്പൽ ഗ്രൗണ്ട് പൊതുസ്ഥലമായി നിലനിറുത്തണമെന്ന ആവശ്യം ശക്തമായി. ചരിത്ര പ്രസിദ്ധമായ ഇടമാണെങ്കിലും കൊട്ടാരക്കര ടൗണിൽ പാർക്കിംഗിന് ഇടമില്ലാത്തത് ടൗണിന്റെ വികസനത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊട്ടാരക്കര നഗരസഭ കാര്യാലയം നിർമ്മിക്കാനൊരുങ്ങുന്ന മുനിസിപ്പൽ ഗ്രൗണ്ട് പാർക്കിംഗ് ഗ്രൗണ്ടായി തന്നെ നിലനിറുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വ്യാപാര മേഖലയ്ക്ക് തിരിച്ചടി
ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരിൽ 70 ശതമാനവും വാഹനങ്ങളിൽ വരുന്നവരാണ്. ടൗണിൽ പലതും വാങ്ങാനെത്തുന്നവർക്ക് പാർക്കു ചെയ്യാൻ സൗകര്യമില്ലാതെ വരുമ്പോൾ വാങ്ങുന്നത് ഒഴിവാക്കി സമീപത്തെ മറ്റു ടൗണുകളെ ആശ്രയിക്കുന്നത് കൊട്ടാരക്കരയിലെ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നഗരത്തിൽ പാർക്കിംഗിനായി മറ്റിടങ്ങളില്ല. ഇതിനു പരിഹാരമായി മുൻസിപ്പൽ സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ടായി നിലനിറുത്തണം. ദേശീയ പാതയോരത്തെ യോഗങ്ങളും സമ്മേളനങ്ങളും കോടതി നിരോധിച്ചതിനാൽ അത്യാവശ്യ സമ്മേളനങ്ങളും യോഗങ്ങളും ഈ ഗ്രൗണ്ടിൽ നടത്താനും കഴിയും.
അനാഥമായി കിടക്കുന്ന സർക്കാർ ഭൂമി ഉപയോഗിക്കണം
ടൗണിലും പരിസര പ്രദേശങ്ങളിലും പലഭാഗത്തായി കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി അനാഥമായി കിടന്നു നശിക്കുന്നുണ്ട്. റവന്യു വകുപ്പും ബന്ധപ്പെട്ടവരും ചേർന്ന് തർക്കങ്ങൾ പരിഹരിച്ച് പൊതുവസ്തു വീണ്ടെടുത്ത് ടൗണിലെ പാർക്കിംഗ് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി, ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി, അക്ഷരം സാഹിത്യവേദി, കൊട്ടാരക്കര സംസ്കാര തുടങ്ങിയ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമികളിൽ ചിലത്
റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ 25 ഓളം സെന്റ് ഭൂമി
കച്ചേരിമുക്കിൽ എക്സൈസ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന ഭൂമി
കെ.ഐ.പി വക ഭൂമി
വില്ലേജോഫീസിനോടു ചേർന്ന് റവന്യു വകുപ്പിന്റെ 20 സെന്റ് ഭൂമി