കൊല്ലം: കൊല്ലം തോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ ഇരുവശത്തും ഹരിതഭിത്തി നിർമ്മിക്കുന്നു. നി​ലവി​ൽ കൊച്ചുപിലാംമൂട് പാലം മുതൽ പള്ളിത്തോട്ടം പാലം വരെ നടക്കുന്ന നിർമ്മാണം മുഴുവൻ ഭാഗത്തും നടത്താനാണ് തീരുമാനം.

മൂന്നു മീറ്റർ ഉയരത്തിൽ ഇരുമ്പ് തൂണുകളും വലകളും ഉപയോഗിച്ചാണ് ഹരിതഭിത്തി നിർമ്മിക്കുന്നത്. മാലിന്യം കൂടുതൽ ഉയരത്തിൽ വലിച്ചെറിഞ്ഞാലും തോട്ടിൽ വീഴാതിരിക്കാൻ മുകളിൽ അര മീറ്റർ തോടിന്റെ ഭാഗത്തേക്ക് വളച്ചുനിറുത്തിയിട്ടുണ്ട്. ഹരിതഭിത്തിയിൽ വള്ളിപ്പൂച്ചെടികൾ പടർത്തി സൗന്ദര്യവത്കരിക്കാനും ആലോചനയുണ്ട്.

7.8 കിലോമീറ്ററാണ് അഷ്ടമുടിക്കായൽ മുതൽ ഇരവിപുരം പാലം വരെ കൊല്ലം തോടിന്റെ നീളം. ഇതിൽ നാലര കിലോ മീറ്റർ നീളത്തിൽ ഇരവിപുരം മുതൽ കച്ചിക്കടവ് വരെയുള്ള രണ്ടാം റീച്ചും കച്ചിക്കടവ് മുതൽ ജലകേളി കേന്ദ്രം വരെയുള്ള മൂന്നാം റീച്ചും ഭിത്തി നിർമ്മാണത്തിൽ നിന്നു നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. നവീകരണം പൂർത്തിയായെങ്കിലും ഫണ്ട് കുറവായതി​നാലാണ് രണ്ടാം റീച്ച് ഒഴിവാക്കിയത്. മൂന്നാം റീച്ചിന്റെ നവീകരണം പൂർത്തിയായിട്ടില്ല. ഈ രണ്ട് റീച്ചുകളിലും അടുത്ത സാമ്പത്തിക വർഷം ഹരിതഭിത്തി നിർമ്മിക്കും. കൈയേറ്റ തർക്കം നിലനിൽക്കുന്നിടത്ത് ഭിത്തി നിർമ്മാണം ഒഴിവാക്കിയിട്ടുണ്ട്.

 മാലിന്യം തള്ളൽ തുടരുന്നു

കൊല്ലം തോടിന്റെ നവീകരണം പൂർത്തിയായ സ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണ്. ഹോട്ടലുകളിലെയും വീടുകളിലെയും മാലിന്യത്തിന് പുറമേ ഇറച്ചി അവശിഷ്ടങ്ങളും ചാക്കുകളിലാക്കി തള്ളാറുണ്ട്. കൊച്ചുപിലാംമൂട് പാലത്തിന് സമീപത്തെ നഗരസഭയുടെ തുമ്പൂർമൂഴി മോഡൽ മാലിന്യസംസ്കരണ യൂണിറ്റിന് സമീപം കുന്നുകൂടുന്ന മാലിന്യവും തോട്ടിലേക്ക് പതിക്കുകയാണ്. നാട്ടുകാർ വിവരം അറിയിക്കുമ്പോൾ ഉൾനാടൻ ജലഗതാഗത വകുപ്പ് ജീവനക്കാരെത്തി നീക്കം ചെയ്യും. ഇതിന് ശാശ്വത പരിഹാരമായാണ് ഹരിതഭിത്തി നിർമ്മാണം.

..........................

₹ 6.62 കോടി: ഹരിതഭിത്തിയുടെ നിർമ്മാണ ചെലവ്

3 മീറ്റർ: ഭിത്തിയുടെ ഉയരം

.................................

തോട്ടിൽ മാലിന്യം തള്ളി മലിനമാക്കുന്നത് പതിവായ സാഹചര്യത്തിലാണ് കരയിൽ ഹരിതഭിത്തി നിർമ്മിക്കുന്നത്. ശേഷിക്കുന്ന സ്ഥലങ്ങളിൽ അടുത്ത സാമ്പത്തികവർഷം ഭിത്തി നിർമ്മിക്കും

ജോയി ജനാർദ്ദൻ (ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയർ)​​