photo
വേനൽ രൂക്ഷമായതോടെ വരണ്ട ചാലിയക്കര ആറ്

പുനലൂരിൽ 36 ഡിഗ്രി സെൽഷ്യസ് ചൂട്

പുനലൂർ:ചുട്ട് പൊള്ളുന്ന ചൂടാണ് കിഴക്കൻ മലയോരത്ത്. കുളങ്ങളും കിണറുകളും വറ്റിവരണ്ടതോടെ കുടിവെള്ളം കിട്ടാനില്ല. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകൾക്ക് പുറമെ പുനലൂർ നഗരസഭ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. കനത്ത ചൂടിനെ തുടർന്ന് ചാലിയക്കര, കഴുതുരുട്ടി, വന്മള തുടങ്ങിയ നദികളിലെ വെള്ളം താഴ്ന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് പുനലൂരിലും സമീപപ്രദേശങ്ങളിലുമാണ്. 36 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ പുനലൂരിൽ അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ വകുപ്പ് അധികൃതർ അറിയിച്ചു. വരും നാളുകളിൽ പകൽ താപനില വീണ്ടും വർദ്ധിക്കാനാണ് സാദ്ധ്യത.

വന്യമൃഗങ്ങൾ നാട്ടിലേക്ക്

കല്ലടയാറ്റിലെ ജലനിരപ്പും ക്രമാതീതമായി താഴുകയാണ്. ഇത് കാരണം തീരവാസികളും കുടിവെള്ള ക്ഷാമം നേരിടുമെന്ന ആശങ്കയിലാണ്. വേനൽ കടുത്തതോടെ തീറ്റതേടി വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങി തുടങ്ങി. കഴിഞ്ഞ ദിവസം തെന്മല റിയ എസ്റ്റേറ്റിൽ തീറ്റതേടിയെത്തിയ കാട്ട് പോത്തുകളെ നാട്ടുകാർ വിരട്ടി ഓടിച്ചു. ആര്യങ്കാവ് പ‌ഞ്ചായത്തിലെ തോട്ടം മേഖലകളിലും രൂക്ഷമായ ജല ക്ഷാമമാണ് അനുഭവപ്പെടുന്നത്. പഞ്ചായത്തിലെ നെടുംമ്പാറ-കഴുതുരുട്ടി,ആനച്ചാടി,വേഞ്ച്വർ പ്രദേശങ്ങളിലെ തോടുകൾ ഉണങ്ങി വരണ്ടതോടെ തുണി അലക്കാനും കുളിക്കാനും വെള്ളമില്ലാതായി. തോട്ടം മേഖലയിലെ അമ്പനാട്, പൂന്തോട്ടം, ഇരുളൻകാട്,27മല തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമാകുന്നത്.തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, പുളിമുക്ക്, തെന്മല,നേതാജി,പള്ളികുന്നു,തോവർകുന്ന്, ക്ഷേത്രഗിരി തുടങ്ങിയവക്കു പുറമെ നഗരസഭ പ്രദേശങ്ങളിലെ ചാലക്കോട്,കോളേജ് വാർഡ്,ഹൈസ് സ്കൂൾ, കല്ലാർ,വാളക്കോട്, ശാസ്താംകോണം, പ്ലാച്ചേരി,അഷ്ടമംഗലം തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി.

പേപ്പർ മിൽ തടയണയുടെ ഉയരം വർദ്ധിപ്പിക്കുന്നു

വാട്ടർ അതോറിറ്റിയും നഗരസഭയും ടാങ്കറുകൾ വഴി ജലവിതരണം നടത്തുന്നുണ്ടെങ്കിലും ഇത് എല്ലാ വാർഡുകളിലും ലഭിക്കുന്നില്ലെന്ന പാരാതിയും വ്യാപകമായിട്ടുണ്ട്. കല്ലടയാറ്റിലെ നെല്ലിപ്പള്ളിയിൽ വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് നിലക്കാതിരിക്കാൻ പേപ്പർ മിൽ തടയണയുടെ ഉയരം വർദ്ധിപ്പിക്കുന്ന ജോലികൾ രണ്ട് ആഴ്ച മുമ്പ് ആരംഭിച്ചു. നിലവിലെ തടയണയിൽ നിന്ന് 75സെറ്റീമീറ്റർ കോൺക്രീറ്റ് ചെയ്താണ് ഉയരം വർദ്ധിപ്പിക്കുന്നത് .